ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ട് ഇന്ത്യക്ക് പുറത്ത് പല ദേശങ്ങളിലായി വിറ്റുപോയ അമൂല്യവിഗ്രഹങ്ങൾ അവർക്ക് കലാസൃഷ്ടികൾ മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ചരിത്രവുമായോ, വിശ്വാസവുമായോ അവർക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ ഈ വിഗ്രഹങ്ങളെ തിരികെ കൊണ്ടുവരേണ്ടത് ഭാരതാംബയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഈ വിഗ്രഹങ്ങളിൽ ഇന്ത്യയുടെ ആത്മാവിന്റെ, വിശ്വാസത്തിന്റെ ഭാഗമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. 2013 വരെ ഏകദേശം 13 വിഗ്രഹങ്ങൾ മാത്രമാണ് ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനിടെ, ഇന്ത്യ 200 ലധികം അമൂല്യ വിഗ്രഹങ്ങൾ വിജയകരമായി തിരികെ കൊണ്ടുവന്നു.
അമേരിക്ക, ബ്രിട്ടൻ, ഹോളണ്ട്, ഫ്രാൻസ്, കാനഡ, ജർമ്മനി, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യയുടെ മനോഭാവം മനസിലാക്കി വിഗ്രഹങ്ങളെ തിരികെ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് വർഷത്തെ നമ്മുടെ ചരിത്രത്തിൽ, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒന്നിനുപുറകെ ഒന്നായി വിഗ്രഹങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. അതിന്റെ നിർമ്മാതാക്കൾക്ക് വൈദഗ്ധ്യം ഉണ്ടായിരുന്നു. അവ വൈവിധ്യം നിറഞ്ഞതായിരുന്നു. നമ്മുടെ ഓരോ വിഗ്രഹങ്ങളുടെയും ചരിത്രവും കാലവും ഇതിൽ ദൃശ്യമാണ്. അവ ഇന്ത്യൻ ശില്പകലയുടെ അത്ഭുതകരമായ ഉദാഹരണം മാത്രമല്ല, നമ്മുടെ വിശ്വാസവും ചേർന്നു നില്ക്കുന്നവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വിഗ്രഹങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയ രാജ്യങ്ങൾക്കാകട്ടെ, ഇന്ത്യയുമായുള്ള ബന്ധത്തിൽ സോഫ്റ്റ് പവറിന്റെ നയതന്ത്ര ചാനലിൽ ഈ വിഗ്രഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇപ്പോൾ മനസ്സിലായി തുടങ്ങി. ഇന്ത്യയുടെ വികാരങ്ങൾ ഈ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വിശ്വാസം അതുമായി ചേർന്നു നിൽക്കുന്നതിനാൽ അത് കൂടാതെ, മനുഷ്യർ തമ്മിലുള്ള പരസ്പര ബന്ധത്തിലും ഇവ വലിയ പങ്ക് വഹിക്കുന്നു. കാശിയിൽ നിന്ന് മോഷണം പോയ അന്നപൂർണാദേവിയുടെ വിഗ്രഹവും തിരികെ കൊണ്ടുവന്നതും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഇന്ത്യയോടുള്ള ലോകവീക്ഷണം മാറുന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments