കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഇത്തവണ ‘വെയിൽ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ അഭിമുഖമാണ് ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചാണ് ഷൈൻ അഭിമുഖത്തിന് എത്തിയത് എന്ന തരത്തിൽ നിരവധി ട്രോളുകൾ പ്രചരിച്ചു. എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീർ മുഹമ്മദുണ്ണി.
കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്ന് കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തിൽ ഷൈൻ ക്ഷീണിതനായിരുന്നതിന് കാരണമെന്നാണ് മുനീർ പറയുന്നത്. തല്ലുമാല, ഫെയർ ആന്റ് ലൗലി എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കാൽമുട്ടിലെ ലിഗമെന്റിന് പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്നും തിരികെ എത്തിയതിന് ശേഷം വിശ്രമിക്കുക പോലും ചെയ്യാതെയാണ് ഷൈൻ അഭിമുഖങ്ങളിൽ പങ്കെടുത്തതെന്നും ഇതിനാലാണ് താരം അവശനായിരുന്നതെന്നും മുനീർ വിശദീകരണം നൽകി.
ഒരു അഭിമുഖത്തിന് പകരം 16 അഭിമുഖങ്ങളാണ് താരം നൽകിയത്. വേദനയും സെഡേഷനും കാരണമാണ് പല അഭിമുഖങ്ങളും കൈവിട്ട് പോയത്. പിന്നീട് മയക്കുമരുന്ന് ഉപയോഗിച്ച് അഭിമുഖത്തിൽ പങ്കെടുത്തു എന്ന തരത്തിൽ ട്രോളുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു എന്ന് മുനീർ പറഞ്ഞു. ഓൺലൈൻ സദാചാര പോലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വഴിതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിന്റെ സത്യാവസ്ഥ എല്ലാവരും തിരിച്ചറിയണമെന്നും മുനീർ അഭ്യർത്ഥിച്ചു.
















Comments