ഇന്ന് മഹാശിവരാത്രി…ലോകൈകനാഥനായ പരമശിവനു വേണ്ടി പാർവതീദേവി ഉറക്കമിളച്ചു പ്രാർത്ഥിച്ച രാത്രിയെന്ന് സങ്കൽപ്പം..ജഗദ്ഗുരുവായ ശ്രീപരമേശ്വരന് മുന്നിൽ ലോകം നമിക്കുന്ന നാൾ….
മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി. ‘ ഓം നമഃ ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രത്താൽ ഭക്തലക്ഷങ്ങൾ മഹാദേവനെ ഇന്ന് സ്തുതിക്കുന്നു. ‘ ഞാൻ ശിവനെ ഭജിക്കുന്നു ‘ എന്ന് അർത്ഥം വരുന്ന പഞ്ചാക്ഷരീ മന്ത്രത്തിൽ പ്രപഞ്ചശക്തികൾ സമന്വയിക്കുന്നുവെന്നാണ് വിശ്വാസം. ഓം എന്നാൽ നശിക്കാത്തതെന്നാണ്. ‘ന’ ഭൂമിയെയും ‘മ’ ജലത്തെയും ‘ശി’ അഗ്‌നിയെയും ‘വാ’ വായുവിനെയും ‘യ’ ആകാശത്തെയും സൂചിപ്പിക്കുന്നു.
ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി എന്നാണ് പറയപ്പെടുന്നത്. കുംഭമാസത്തിലെ കൃഷ്ണ ചതുർദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. പുരാണങ്ങൾ പ്രകാരം എല്ലാ മാസത്തിലും ഓരോ ശിവരാത്രികൾ വരുന്നുണ്ട് എന്നതാണ് വിശ്വാസം. ഇത് പ്രകാരം എല്ലാ മാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുർദശിയാണ് മാസ ശിവരാത്രിയായി കണക്കാക്കപ്പെടുന്നത്. എന്നാൽ മാഘ മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയെയാണ് മഹാശിവരാത്രി എന്ന് വിശേഷിപ്പിക്കുന്നതും ശിവരാത്രിയായി ആഘോഷിക്കുന്നതും. സർവ്വ പാപങ്ങളും തീർക്കുന്നതാണ് ശിവരാത്രി വ്രതം.
ശിവരാത്രിയ്‌ക്ക് പിന്നിൽ ഒരുപാട് കഥകൾ ഉണ്ട്. അതിൽ പ്രധാനം പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നതാണ്. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനിയുണ്ടാവാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാൽ വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.
അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്‌ക്കുകയും അങ്ങനെ ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെയിരിക്കാൻ, പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് നമ്മൾ ശിവരാത്രിയായി ആചരിക്കുന്നത്.
ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി. ശിവ സഹസ്രനാമം, ബില്വാഷ്ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം, ഉമാമഹേശ്വരസ്തോത്രം, പഞ്ചാക്ഷരീ മന്ത്രം, മൃത്യുഞ്ജയ മന്ത്രം, പഞ്ചാക്ഷരീ സ്‌തോത്രം എന്നിവയാണ് ഈ ദിനത്തിൽ ഉരുവിടേണ്ടത്.
















Comments