മാഡ്രിഡ് : സ്‌പെയിനിൽ പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരർ പിടിയിൽ. സ്‌പെയിനിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാമിക ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാകിസ്താൻ സ്വദേശികളാണ് പിടിയിലായത്. അഞ്ചുപേരാണ് സ്‌പെയിനിൽ അറസ്റ്റിലായത്. ഇസ്ലാമിക മതവിശ്വാസികൾക്കിടയിൽ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാംവിരുദ്ധരെ വധിക്കാനും നിർദ്ദേശം നൽകിയെന്നാണ് കണ്ടെത്തൽ. ബഴ്‌സലോണ, ജിറോണ, ഉബേദ, ഗ്രാനഡ എന്നിവിടങ്ങളിൽ നിന്നാണ് അഞ്ചുപേരേയും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.
പിടിക്കപ്പെട്ടവരെല്ലാം കൗമാരക്കാരായ വിദ്യാർത്ഥികളാണ്. ഇവർ ഫേസ്ബുക്ക്, ടിക്-ടോക് എന്നിവയിലൂടെ ഉർദു ഭാഷയിലാണ് തീവ്ര ആശയങ്ങൾ ജനങ്ങ ളിലേക്ക് എത്തിച്ചിരുന്നത്. തങ്ങളുടെ വിശുദ്ധ മതത്തിനെതിരെ നിൽക്കുന്നവരെ വധിക്കാനുള്ള ആഹ്വാനം ഞെട്ടിക്കുന്നതാണെന്ന് സ്പാനിഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. കാർട്ടൂണിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ ചാർളീ ഹെബ്‌ഡോ മാസികയുടെ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതിന്റെ തുടർപ്രവർത്തനത്തിന്റെ ഭാഗമായാണ് സ്‌പെയിനിലും പാക് പൗരന്മാർ പിടിയിലായത്. 2015ലാണ് പാരീസിൽ പാക് ഭീകരർ ആക്രമണം നടത്തിയത്. അന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാമത് നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഫെബ്രുവരി 21-നാണ് സ്‌പെയിനിലെ രഹസ്യാന്വേഷണ വിഭാഗം പാകിസ്താനികളെ പിടികൂടിയത്. വർഷങ്ങളായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് അഞ്ചുപേരേയും പിടികൂടിയത്. എല്ലാവരും 20വയസ്സുമാത്രം പ്രായമുള്ളവരാണ്. ഇവരെല്ലാം ഐ.എസിന്റേയും അൽഖ്വയ്ദയുടേയും ആരാധകരാണ്. എന്നാൽ ഇവർ പ്രവർത്തിക്കുന്നത് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തെഹരീക് ഇ ലബ്ബായിക് പാകിസ്താന് (ടിഎൽപി) വേണ്ടിയാണെന്നുമാണ് കണ്ടെത്തൽ.
കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇവർ ശ്രമിച്ചിരുന്നത്. ഇവർ നേരിട്ട് ഒരു അക്രമത്തിൽ പങ്കെടുത്തിട്ടില്ല എന്നതിനാൽ കരുതലെന്ന നിലയിലാണ് തടവിലാക്കാൻ തീരുമാനിച്ചത്. നാഷണൽ ഹൈക്കോർട്ട് ജഡ്ജ് മാന്വൽ ഗാർഷിയയാണ് ശിക്ഷ വിധിച്ചത്.
















Comments