തിരുവനന്തപുരം : മീഡിയവണ്‍ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ബിനോയ് വിശ്വം എം.പി. മീഡിയവണ്‍ ചെയ്ത തെറ്റെന്താണെന്നും അപരാധമെന്താണെന്നുമറിയാന്‍ നാടിന് അവകാശമുണ്ടെന്നാണ് ബിനോയ് വിശ്വം പറഞ്ഞത് .
എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ സര്‍ക്കാര്‍ ഒരു നിലപാട് പറയുന്നത് ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്‌നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണ്.
മീഡിയവണ്‍ ശക്തമായ നിലപാടുള്ള സ്ഥാപനമാണ്. ആ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. ഈ സ്ഥാപനത്തെ ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്കി അതിന്റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുക.
മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് തുടരുമെന്നാണ് ഇന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്. രാജ്യതാൽപര്യത്തിന് വിരുദ്ധമായ കാരണങ്ങളുണ്ടെങ്കിൽ മതിയായ ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുണ്ടെന്ന കേന്ദ്ര സർക്കാർ വാദങ്ങൾ കണക്കിലെടുത്താണ് അപ്പീൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് തള്ളിയത്.
















Comments