ഭുവനേശ്വർ: മുംബൈ-ഭുവനേശ്വർ കൊണാർക്ക് എക്സ്പ്രസിൽ നിന്ന് 16 കോടി രൂപയുടെ സ്വർണം പിടികൂടി റെയിൽവേ പോലീസ്. 32 കിലോയിലധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശികളായ ഹസ്മുഖ്ലാൽ ജെയിൻ, സുർസെ സഹദേവ് ഖരെ, മഹേഷ് ഭോംസർ, ദീപക് പട്ടേൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നാല് ബാഗുകളിലായാണ് സംഘം സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഓരോ ബാഗിലും എട്ട് കിലോ വീതം സ്വർണമുണ്ടായിരുന്നു.
ഭുവനേശ്വറിലും പരിസര പ്രദേശത്തുമുള്ള വ്യാപാരികൾക്കാണ് ആഭരണങ്ങൾ വിൽക്കാൻ പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന. നികുതി വെട്ടിച്ച സ്വർണാഭരണങ്ങൾ ആർക്കെല്ലാം കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. പിടിച്ചെടുത്ത സ്വർണത്തിൽ മൂന്ന് ശതമാനം പിഴയും ജിഎസ്ടിയും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.
Comments