യുക്രെയ്‌നിൽ നിന്നും പലായനം ചെയ്യുന്ന എല്ലാ അഭയാർത്ഥികൾക്കും താൽക്കാലിക സംരക്ഷണമൊരുക്കുമെന്ന് യൂറോപ്യൻ യൂണിയൻ. ആഭ്യന്തര കാര്യങ്ങൾക്കായുളള യൂറോപ്യൻ യൂണിയൻ കമ്മീഷണർ യിവ ജൊഹാൻസൺ ആണ് ഇക്കാര്യം അറിയിച്ചത്. ഇതൊരു ചരിത്ര തീരുമാനമാണെന്ന വിശേഷണത്തോടെയാണ് ഇത് സംബന്ധിച്ച ട്വീറ്റ് യിവ പങ്കുവെച്ചത്.
ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിനും ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു വർഷത്തേക്കാണ് താൽക്കാലിക സംരക്ഷണം നൽകുക. ഇത് വേണമെങ്കിൽ നീട്ടാമെന്നും ജെറാൾഡ് ഡർമാനിൻ വ്യക്തമാക്കി. അഭയാർത്ഥികൾക്ക് തുല്യമാണ് ഇത്തരത്തിൽ സംരക്ഷണം ലഭിക്കുന്നവരെന്നും ഡർമാനിൻ കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയന് യുക്രെയ്ൻ ജനതയോടുളള ഐക്യദാർഢ്യമാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ പറഞ്ഞു. നീതീകരിക്കാനാകത്ത യുദ്ധത്തിന്റെ ഇരകളോടുളള ഉത്തരവാദിത്വമാണിതെന്നും കമ്മീഷൻ ്ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയന്റെ തീരുമാനം അഭൂതപൂർവ്വമാണെന്ന് യുഎൻ അഭയാർത്ഥി വിഭാഹം ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. ലക്ഷക്കണക്കിന് പേർക്ക് ഇതിലൂടെ സംരക്ഷണം ഒരുങ്ങുമെന്നും ഗ്രാൻഡി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് വമ്പൻ അഭയാർത്ഥി പ്രവാഹമാണ്. യുഎന്നിന്റെ ഒടുവിലത്തെ കണക്ക് അനുസരിച്ച് അഭയാർത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നിട്ടുണ്ട്.
















Comments