തിരുവനന്തപുരം: സിനിമ ആസ്വദിച്ച് കാണുന്നതിനിടെ കുഞ്ഞുങ്ങൾ കരഞ്ഞ് സിനിമ പുകുതിയിൽ നിർത്തി ഇറങ്ങി പോകുന്ന മാതാപിതാക്കൾ തീയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഈ പ്രശ്‌നം ഇനി മാതാപിതാക്കളെ അലട്ടില്ല. കുഞ്ഞിനെ തൊട്ടിലിലാട്ടി, തീയേറ്ററിൽ ഇരുന്ന് തന്നെ സിനിമ കാണാം. ഇതിനായി ‘ക്രൈ റൂം’ എന്ന പദ്ധതി ഒരുക്കുകയാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ.
തീയേറ്ററിൽ സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാൽ, ഇനി അമ്മയ്‌ക്കും കുഞ്ഞിനും ക്രൈ റൂമിലിരിക്കാം. സംസ്ഥാന ചലച്ചിത്ര കോർപ്പറേഷന് കീഴിലുള്ള കൈരളി, നിള, ശ്രീ തീയേറ്ററുകളിലാണ് ഈ സംവിധാനം ആദ്യമായി ഒരുക്കുന്നത്. ചലച്ചിത്ര കോർപ്പറേഷൻ എംഡി മായയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അതികം വൈകാതെ തന്നെ ക്രൈ റൂം തുറന്ന് നൽകുമെന്നും മായ അറിയിച്ചു.
കുഞ്ഞ് കരയുന്ന ശബ്ദം പുറത്തേയ്‌ക്ക് കേൾക്കാത്ത രീതിയിലാണ് മുറിയുടെ നിർമ്മാണം. മുറി പണിതീർത്തിരിക്കുന്ന ചില്ലിലൂടെ അമ്മയ്‌ക്ക് സിനിമ ആസ്വദിക്കുകയും ചെയ്യാം. കുഞ്ഞിന്റെ ഡയപ്പർ മാറ്റാനുള്ള സൗകര്യം ചലച്ചിത്ര വികസന കോർപ്പറേഷൻ മുറിയിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം 12 കോടി മുതൽ മുടക്കിലാണ് മുറി നിർമ്മിക്കുന്നത്.
















Comments