മുഖം മനസിന്റെ കണ്ണാടി എന്നാണ് പഴഞ്ചൊല്ലുകൾ. ശരിയാണ്, ഒരാളുടെ മുഖം നോക്കി അയാളുടെ മനസ്സിലുള്ളത് പോലും വിലയിരുത്താം എന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. മനുഷ്യന്റെ ഉള്ളിലെ ഓരോ വികാരങ്ങളും മുഖത്ത് കൃത്യമായി വിരിയുന്നത് കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ചൊല്ല്. പലപ്പോഴും കൂട്ടുകാർ ചിരിക്കുമ്പോൾ നമ്മൾ ചോദിക്കാറില്ലേ കൃത്രിമമായി എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് എന്ന്. ശരിയാണ്, മുഖം നോക്കി മറ്റൊരാളുടെ ചിരി പോലും നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്നതാണ് സത്യം. എന്നാൽ ആളുകൾക്ക് മുഖമേതെന്ന് പോലും തിരിച്ചറിയാനാകാത്ത വിധത്തിൽ മുഖത്ത് ചിത്രം വരച്ചാൽ എങ്ങനെയുണ്ടാകും. അങ്ങനെയുള്ള ഒരാളെയാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്.
മുഖത്തെ ക്യാൻവാസാക്കി മാറ്റിയ ഒരു കലാകാരിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. മുഖം തന്റെ ക്രിയേറ്റിവ് സ്‌പേസ് ആക്കി മാറ്റിയ ഡെയിൻ യൂൺ എന്ന യുവതിയാണ് ഇപ്പോൾ വ്യത്യസ്തമായ പരീക്ഷണത്തിലൂടെ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഓരോ ചിത്രങ്ങളും കണ്ടാൽ ത്രിഡിയാണോ അതോ റിയലാണോ എന്ന് ചോദിച്ചു പോകും… അത്തരത്തിലാണ് മുഖത്ത് ചിത്രങ്ങൾ വരച്ച് വെച്ചിരിക്കുന്നത്.
യാഥാർത്ഥ്യത്തിനും മിഥ്യയ്‌ക്കും ഇടയിലുള്ള അതിർവരമ്പുകളെ ഇല്ലാതാക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന സാങ്കേതിക വിദ്യയാണ് ഈ കലാകാരി പരീക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വർക്കുകൾ സ്വന്തം മുഖത്ത് തന്നെ പരീക്ഷിച്ചാണ് ഡെയിൻ ശ്രദ്ധേയമാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ഡെയിൻ തന്റെ മുഖത്ത് പരീക്ഷിച്ച വ്യത്യസ്തമായ പരീക്ഷണങ്ങൾ കണ്ട് സോഷ്യൽ മീഡിയ തന്നെ ഞെട്ടിയിരിക്കുകയാണ്. ഇതിൽ യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് പോലും തിരിച്ചറിയാനാവാത്ത വിധത്തിലാണ് ഓരോ ക്രിയേറ്റീവ് വർക്കുകളും.
ഈ ചിത്രങ്ങൾ ആദ്യ കാണുമ്പോൾ, ഫോട്ടോ ഷോപ്പ് വർക്ക് ആയിരിക്കുമെന്നാണ് ഏവരും കരുതുന്നത്. എന്നാൽ പതിയെ പതിയെ നമ്മുടെ ചിന്താഗതികളെയാകെ മാറ്റി മറിക്കുന്ന തരത്തിലുള്ള ക്രീയേറ്റിവിറ്റികളാണ് ഡെയിൻ മുഖത്ത് വിരിയിച്ചിട്ടുണ്ടാകുക. വെറും അണിഞ്ഞൊരുങ്ങുക എന്നത് മാത്രമല്ല മേക്കപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മേക്കപ്പിന്റെ അനന്തസാധ്യതകൾ ഒരുപാടുണ്ടെന്നും ഈ ക്രിയേറ്റിവിറ്റിയിലൂടെ ഡെയിൻ യൂൺ വ്യക്തമാക്കുകയാണ്. ഡെയിൻ തന്നെയാണ് തന്റെ പരീക്ഷണ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നതും.
തിയേറ്റർ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ഡെയിൻ. പിന്നീട് ആ ജോലി ഉപേക്ഷിച്ച് ക്രിയേറ്റിവ് വർക്കുകളിലേക്ക് തിരിയുകയായിരുന്നു. എന്ത് കൊണ്ടാണ് ആർട്ടുകൾക്ക് ക്യാൻവാസായി മുഖം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ഡെയിനിന് ഉത്തരമുണ്ട്. ചെറിയ വികാരങ്ങൾ പോലും മുഖത്താണ് പ്രതിഫലിക്കുക എന്നുള്ളതുകൊണ്ടാണ് മുഖം ക്യാൻവാസാക്കി മാറ്റിയതെന്ന് ഡെയിൻ യൂൺ പറയുന്നത്. മണിക്കൂറുകളോളം ചെലവഴിച്ചാണ് ഇത്തരത്തിൽ ഒരു ആർട്ട് ഉണ്ടാക്കിയെടുക്കുന്നത് എന്ന് ഡെയിൻ പറയുന്നു. ഒരു മേക്കപ്പിന് ചിലപ്പോൾ 12 മണിക്കൂർ വരെ ചിലവഴിക്കേണ്ടതായി വരാറുണ്ടെന്നും ഡെയിൻ വ്യക്തമാക്കുന്നു.
മുഖത്ത് മാത്രമല്ല, നഖങ്ങളിലും വ്യത്യസ്ത ഡിസൈനുകൾ ഡെയിൻ പരീക്ഷിച്ചിട്ടുണ്ട്. വിവിധ മുഖ ഭാവങ്ങൾ നഖങ്ങളിൽ പെയിന്റ് ചെയ്ത്, അതിൽ സ്വന്തം മുടി മുറിച്ച് കൂടുതൽ ഒറിജിനൽ ആയി തോന്നിപ്പിച്ച് അമ്പരപ്പിക്കുകയാണ് ഈ യുവ കലാകാരി.















Comments