പത്തനംതിട്ട : മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിനെ മാറോടണച്ച് വിമുക്തഭടനായ അരുൺ. പമ്പയാറ്റിൽ മുങ്ങിത്താഴ്ന്ന അടൂർ സ്വദേശി റോബിൻ രാജിനെ (26) അതി സാഹസികമായാണ് വെൺമണി പുന്തല പൈക്കോട്ട് വീട്ടിൽ പി.കെ അരുൺ രക്ഷിച്ചത്. രാവിലെ പത്ത്മണിയോടെ ചെങ്ങന്നൂർ കല്ലിശ്ശേരിയിലാണ് റോബിൻ അപകടത്തിൽപ്പെട്ടത്.
ഇൻഷൂറൻസ് ഏജന്റിനെ കാണാൻ വേണ്ടിയായിരുന്നു അരുൺ കല്ലിശ്ശേരിയിൽ എത്തിയത്. മൂത്തമകൻ ആദിത്യനെ ചെങ്ങന്നൂരിലെ ചിന്മയ സ്‌കൂളിൽ കൊണ്ടുവിട്ട ശേഷമായിരുന്നു അദ്ദേഹം കല്ലിശ്ശേരിയിൽ എത്തിയത്. 12.30 യ്‌ക്ക് മകനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടതിനാൽ അരുൺ ഇറപ്പുഴ പാലത്തിന് സമീപം വാഹനം നിർത്തി വിശ്രമിച്ചു. ഈ സമം ബഹളം കേട്ട് നോക്കിയപ്പോഴാണ് വെള്ളത്തിൽ മുങ്ങിത്താഴുന്ന റോബിനെ അരുൺ കണ്ടത്. പിന്നീട് രണ്ടാമതൊന്ന് ആലോചിക്കാതെ ആറ്റിലേക്ക് എടുത്ത് ചാടി റോബിനെ രക്ഷപ്പെടുത്തുകയായിരുന്നു.
വിവരം അറിഞ്ഞ ഫയർഫോഴ്‌സ് എത്തി റോബിനെ ആശുപത്രിയിലാക്കി. ജോലി കിട്ടാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് റോബിൻ പറയുന്നത്.
ഇതിന് മുൻപും സമാനമായ രീതിയിൽ അരുൺ രക്ഷാപ്രവർത്തനം തടത്തിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പുന്തലത്താഴം ക്ഷേത്രക്കുളത്തിൽ വീണ കാർ യാത്രികരായ യുവതിയെയും രണ്ട് മക്കളെയുമാണ് അരുൺ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്.
അതേസമയം സമാനതകളില്ലാത്ത അരുണിന്റെ പ്രവർത്തിയിൽ സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. സ്വന്തം ജീവൻ പോലും വകവയ്‌ക്കാതെയുള്ള അരുണിന്റെ സത്പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്. അരുണിന്റെ ചിത്രം സഹിതം നിരവധി പേരാണ് രക്ഷാപ്രവർത്തനത്തിന്റെ വിവരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നത്.
Comments