തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കായി കെഎസ്ആർടിസി പുതുതായി വാങ്ങുന്ന വോൾവോ സ്ലീപ്പർ ബസുകളുടെ ആദ്യ ബാച്ച് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എസി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ഇന്ന് തിരുവനന്തപുരത്തെത്തിയത്. ആനയറയിലെ കെഎസ്ആർടിസി-സ്വിഫ്റ്റ് ആസ്ഥാനത്താണ് ബസ് എത്തിച്ചത്.
കർശന വ്യവസ്ഥകളുമായാണ് പുത്തൻ ബസ് ഇറക്കിയത്. അലക്ഷ്യമായി ഓടിച്ച് ബസ് അപകടത്തിൽപ്പെട്ടാൽ, ഡ്രൈവറുടെ പണി പോകും. ദീർഘദൂര ബസുകൾക്കായി കെഎസ്ആർടിസി രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റാണ് പുതിയ വ്യവസ്ഥകൾ മുന്നോട്ട് വെച്ചത്. മുൻപ് കെഎസ്ആർടിസി പുറത്തിറക്കിയ 18 സ്‌കാനിയ ബസുകളിൽ ചിലത് ഇടിച്ച് തരിപ്പണമായിരുന്നു. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റിൽ പ്രതീക്ഷിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് ഡ്രൈവർമാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കർശന നിർദ്ദേശം ഇതിനോടകം നൽകി കഴിഞ്ഞു.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഇ കോമേഴ്ഷ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന വാഹന നിർമ്മാതാക്കൾ, ബിഎസ്6 ശ്രേണിയിലുള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണിത്. 14.95 മീറ്റർ നീളത്തോടുകൂടിയ ബസിൽ, 11 ലിറ്റർ എഞ്ചിൻ, 430 എച്ച്പി പവറാണ് നൽകുന്നത്.
ഇന്ധന ക്ഷമതയ്‌ക്കായി നൂതന സംവിധാനമായ ഐ-ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. സുരക്ഷയ്‌ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എബിഎസ് ആൻഡ് ഇബിഡി, ഇഎസ്പി എന്നീ സംവിധാനങ്ങളും ബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെൻഡർ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50,000 രൂപയാണ് ഈടാക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 40 യാത്രക്കാർക്ക് സുഖമായി കിടന്നു യാത്ര ചെയ്യുന്ന രീതിയിലാണ് ബസിൽ ബെർത്തുകൾ ഒരുക്കിയിട്ടുള്ളത്. ദീർഘദൂര യാത്രക്കാർക്ക് ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് കെഎസ്ആർടിസി-സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്.
ഇതാദ്യമായാണ് കോർപ്പറേഷൻ സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. കൂടാതെ, അശോക് ലൈലൻഡിന്റെ 20 സെമി സ്ലീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എസി ബസുകളും രണ്ടുമാസത്തിനുള്ളിൽ ലഭിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.
Comments