കൊൽക്കത്ത: സമൂഹമാദ്ധ്യമങ്ങളിൽ ‘കച്ചാ ബദാം’ എന്ന ഗാനം സൃഷ്ടിച്ച ഓളം അവസാനിക്കും മുൻപേ പുതിയ ഗാനവുമായി വൈറൽ ഗായകൻ ഭൂപൻ ഭട്യാകർ. ‘അമർ നോടുൻ ഗാരി’ എന്നാണ് ഭൂപന്റെ പുതിയ ഗാനത്തിന്റെ പേര്. താൻ വാങ്ങിയ കാറിനെ കുറിച്ചാണ് ഇക്കുറി ഭൂപന്റെ ഗാനം.
താൻ സ്വന്തമായി കാർ വാങ്ങിയതും എങ്ങനെയാണ് തനിക്ക് അപകമുണ്ടായതെന്നുമാണ് ഭൂപന്റെ പുതിയ ഗാനത്തിൽ വിവരിക്കുന്നത്. വാഹനം ഓടിക്കാൻ പഠിക്കുന്നതിനിടെ അപകടമുണ്ടായ സംഭവവും, ഗുരുതര പരുക്കുകളിൽ നിന്നും ദൈവം തന്നെ രക്ഷപ്പെടുത്തിയെന്നും ഗാനത്തിൽ പറയുന്നുണ്ട്. ഈ ഗാനവും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഈയടുത്താണ് ഭൂപന് വാഹനാപകടത്തിൽ പരിക്കേറ്റത്. തുടർന്ന് പശ്ചിമ ബംഗാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പുതിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഭൂപന്റെ മുഖത്തിനും നെഞ്ചിനും പരിക്കേറ്റരുന്നു.
നിലക്കടല കച്ചവടക്കാരനായിരുന്നു ഭൂപൻ. ആക്രി സാധനങ്ങൾ ശേഖരിച്ചും, കടല വിറ്റും വളരെ പെടാപാട് പെട്ടാണ് ഭൂപൻ കുടുംബം പോറ്റിയിരുന്നത്. കച്ചവടത്തിനിടയിൽ ആളുകളെ ആകർഷിക്കാനാണ് ഭൂപൻ കച്ചാ ബദാം എന്ന ഗാനം പാടിയിരുന്നത്.
ഗാനം ആരോ ഷൂട്ട് ചെയ്ത് സമൂഹമാദ്ധ്യമത്തിൽ പങ്കു വച്ചതോടെയാണ് കച്ചാബദാം പാട്ടും, ഭൂപൻ ഭാട്യകറും വൈറലായത്. പാട്ട് വൈറലായതോടെ ഇദ്ദേഹത്തിന്റെ ജീവിതവും മാറി മറിഞ്ഞു. പശ്ചിമബംഗാളിലെ കൂറൽജുരി ഗ്രാമവാസിയാണ് ഭൂപൻ. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ഭൂപന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്.
















Comments