ന്യൂഡൽഹി ; രാജ്യത്തെ മുസ്ലീം സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം ലഭിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് . ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന തിന്മകളെക്കുറിച്ച് ഇന്ത്യയിലെ മുസ്ലീം സമൂഹം ബോധവാന്മാരായിക്കഴിഞ്ഞുവെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് പറഞ്ഞു. മുത്വലാഖ്, ഹലാൽ, ബഹുഭാര്യത്വം, ഹിജാബ്, വിദ്യാഭ്യാസം, തൊഴിൽ, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ രാജ്യവ്യാപകമായി ഒരു മാറ്റം സമൂഹം ഇപ്പോൾ ആഗ്രഹിക്കുന്നു.
ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ പള്ളികളിലും, ഗുരുദ്വാരകളിലും സ്ത്രീകൾ പ്രാർഥിക്കുന്നതുപോലെ മുസ്ലീം സ്ത്രീകൾക്ക് മസ്ജിദുകൾ പ്രാർത്ഥന നടത്താനുള്ള സംവിധാനം വേണമെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് പ്രസ്താവനയിൽ പറയുന്നു. ഈദ്, ബക്രീദ് പ്രാർത്ഥനകൾ നടത്താനുള്ള അവകാശവും, കുറഞ്ഞത് വെള്ളിയാഴ്ചയെങ്കിലും പള്ളികളിൽ പോകാനുള്ള അവകാശവും ലഭിക്കണം.
യുപിയിലെയും ഉത്തരാഖണ്ഡിലെയും 40 ജില്ലകളും സംഘടന ഭാരവാഹികൾ ക്യാമ്പയിന്റെ ഭാഗമായി സന്ദർശിച്ചു . ഇസ്‌ലാം നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് മുസ്‌ലിം സ്ത്രീകളും ബുദ്ധിജീവികളും തിരിച്ചറിയുന്നു . ഖുറാൻ ശരീഫിൽ പരാമർശിക്കാത്ത കാര്യങ്ങളും ശരീഅത്തിന്റെ ഭാഗമാക്കി ഇന്ത്യൻ മുസ്‌ലിങ്ങളുടെ മേൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കുകയാണ് .
ശരിയത്ത് നിയമത്തിന്റെ പേരിൽ മുസ്ലീം വ്യക്തിനിയമം പെൺകുട്ടികളെ പരിഹസിക്കുകയാണ് . ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ആവശ്യമാണെന്നും സംഘടന പറയുന്നു . ഇസ്‌ലാമിക നിയമം ഒരു പെൺകുഞ്ഞിനെ അവളുടെ ആർത്തവം ആരംഭിക്കുമ്പോൾ തന്നെ വിവാഹത്തിന് യോഗ്യയായി കണക്കാക്കുന്നു. ഈ കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് മുസ്ലീം സമൂഹത്തിന്റെ ഉന്നമനത്തിനും മാറ്റത്തിനുമായി രാജ്യത്തുടനീളം ബോധവൽക്കരണവും ബഹുജന മുന്നേറ്റവും നടത്തുമെന്ന് മുസ്ലീം മഞ്ച് പറയുന്നു.
















Comments