തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. അദ്ധ്യാപികയ്‌ക്ക് 14 ലക്ഷം രൂപ നഷ്ടമായി. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊല്ലം കുണ്ടറ സ്വദേശിനി അനിതയാണ് തട്ടിപ്പിന് ഇരയായത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ വ്യാജ നമ്പറിൽ നിന്നും സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. ഓൺലൈൻ ലോട്ടറി അടിച്ചെന്നും 14 ലക്ഷം രൂപ നികുതിയടക്കണമെന്നുമായിരുന്നു തട്ടിപ്പ് സംഘത്തിന്റെ സന്ദേശം. ഇല്ലെങ്കിൽ കേസ് എടുക്കുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ച അദ്ധ്യാപിക പണം അയക്കുകയായിരുന്നു.
സംസ്ഥാന പോലീസ് മേധാവിയുടെ ഫോട്ടോയും, അദ്ദേഹത്തിന്റെ പേരും വ്യാജ വാട്‌സ് ആപ്പ് ഐഡിയിൽ തട്ടിപ്പ് സംഘം ഉപയോഗിച്ചിരുന്നു. ഇതോടെയാണ് സന്ദേശം വിശ്വസിച്ചതെന്ന് അദ്ധ്യാപിക പറയുന്നു. വാട്‌സ് ആപ്പ് സന്ദേശത്തിന് മിനിറ്റുകൾ മുൻപ് അദ്ധ്യാപികയുടെ ഫോണിലേക്ക് ലോട്ടറി അടിച്ചതായി മറ്റൊരു നമ്പറിൽ നിന്നും സന്ദേശം വന്നിരുന്നു. എന്നാൽ ഇത് വിശ്വസിക്കാതിരുന്നതോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ വാട്‌സ് ആപ്പ് ഐഡി ഉണ്ടാക്കി സംഘം അദ്ധ്യാപികയ്‌ക്ക് വീണ്ടും സന്ദേശം അയച്ചത്. പിന്നീട് സംശയം തോന്നിയ അദ്ധ്യാപിക പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. പ്രതികളെ പിടികൂടാൻ സിറ്റി സൈബർ പോലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
















Comments