തൊടുപുഴ ; കുടുംബം കരകയറ്റാൻ യെമനിൽ നേഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ ലഭിച്ച വാഗ്ദാനം . ഇതാണ് ടോമി തോമസിന്റെ ഭാര്യ നിമിഷപ്രിയയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത് .
സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയയ്‌ക്ക് വധശിക്ഷ ലഭിച്ചത്.നേഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ൽ ആണു കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹായം നിമിഷപ്രിയ തേടുന്നത്.
തുടർന്ന് നിമിഷ പ്രിയ ഭാര്യയാണെന്നു വിശ്വസിപ്പിച്ചു തലാൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി . പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി.
ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ സർക്കാർ സഹായം തേടി 2018 മേയിൽ അയച്ച കത്തിൽ പറഞ്ഞിരുന്നു. ഗതികെട്ടതോടെ ഒരു ദിവസം ഉറക്ക മരുന്നു നൽകി മയക്കി, ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു തലാലിനെ കൊലപ്പെടുത്തി.
മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി.
നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്നാണ് കേസ് നടപടികൾ വന്നതും കീഴ്‌ക്കോടതി വധശിക്ഷയ്‌ക്കു വിധിച്ചതും. ഇപ്പോൾ സനായിലെ ജയിലിലാണ് നിമിഷ. സംഭവത്തിൽ നിമിഷയെ സഹായിച്ച യെമൻകാരിയായ നേഴ്സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിരുന്നു.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുക എന്നതാണ് ഇനി നിമിഷപ്രിയക്ക് മുന്നിലുള്ള മാര്‍ഗം. യെമന്‍ പ്രസിഡന്റാണ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍. എന്നാല്‍ ഈ സമിതി, കേസിന്റെ ഇതുവരെയുള്ള നിയമനടപടികള്‍ സാങ്കേതികമായി ശരിയായിരുന്നോ എന്നു മാത്രമേ നോക്കുകയുള്ളൂ . എന്നാല്‍, വധശിക്ഷ ഒഴിവാക്കാനുള്ള കാരണമായി നിമിഷപ്രിയ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം അപ്പീല്‍ കോടതി തള്ളിക്കളഞ്ഞതാണ്. തെളിവുകളുടെ പിന്‍ബലത്തില്‍ കീഴ്‌ക്കോടതിയുടെ വിധി ശരിവെക്കുന്നു എന്നാണ് അപ്പീല്‍ കോടതി അന്തിമവിധി പ്രഖ്യാപിച്ചത്.
നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള മറ്റൊരു പ്രതീക്ഷ ദയാധനമാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറയുന്നു. എന്നാല്‍ കൊല്ലപ്പെട്ട യെമന്‍പൗരന്റെ കുടുംബം മാപ്പു നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നിമിഷപ്രിയയുടെ അഭിഭാഷകര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവര്‍ സമ്മതിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച കേസ് അപ്പീല്‍ കോടതി പരിഗണിച്ചപ്പോള്‍, മഹദിയുടെ കുടുംബം അവിടെ എത്തുകയും കോടതിക്ക് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കേസ് ഇനിയും നീട്ടിക്കൊണ്ടു പോകരുത് എത്രയും വേഗം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. എങ്കിലും കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി ചര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ എംബസിയും ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കുമെന്ന് സാമുവല്‍ ജെറോം പറഞ്ഞു
Comments