കണ്ണൂർ : തനിക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഒന്നും വരാറുണ്ടെന്ന് തോന്നുന്നില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനങ്ങൾ ഉയരുന്നല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിയാസ് .
‘ തനിക്കെതിരെ വളരെയേറെ വിമർശനങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല, എന്നാൽ ചില ഭാഗത്തുനിന്ന് ഉണ്ടാകാം. എല്ലാവർക്കുമെതിരെയും വിമർശനങ്ങൾ വരാറുണ്ട്. വിമർശനം ഉന്നയിക്കുന്നവർക്ക് തീർച്ചയായും അത് ഉന്നയിക്കാം. പക്ഷേ ആ വിമർശനത്തിന് നിലവാരം പരിശോധിച്ച് ഒരു ധാരണയിലെത്താനുള്ള അവകാശം ജനങ്ങൾക്കുണ്ട്,” മുഹമ്മദ് റിയാസ് പറഞ്ഞു.
കണ്ണൂര്‍ ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാര്‍ക്ക് എന്നിവ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഹമ്മദ് റിയാസ്. ‘മരുമകൻ,’ വിളിയെ കുറിച്ച് ചോദിച്ചപ്പോൾ അതിനൊക്കെ മറുപടി പറഞ്ഞ് സമയം കളയാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുഹമ്മദ് റിയാസിനെ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പലതരം പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷം പി. ജയരാജനെ പോലുള്ളവരെ തഴയുന്നതും റിയാസിന് അവസരം നൽകിയതും ചർച്ചാവിഷയമാക്കിയിരുന്നു.
















Comments