തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐപിഎസിന്റെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ്. സംഭവത്തിൽ നൈജീരിയൻ സ്വദേശി റൊമാനസ് ക്ലിബ്ബൂസിനെ ഡൽഹിയിൽ നിന്നും പിടികൂടി. തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് ഇയാളെ ഡൽഹിയിൽ നിന്നും പിടികൂടുന്നത്. അനിൽ കാന്തിന്റെ പേരിൽ ഒരു അദ്ധ്യാപികയിൽ നിന്നും 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
അനിൽ കാന്തിന്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് എടുക്കുകയും കൊല്ലത്തെ ഒരു അദ്ധ്യാപികയിൽ നിന്നും പണം തട്ടുകയുമായിരുന്നു. ഓൺലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അദ്ധ്യാപികക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്‌ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്നും സംഘം സന്ദേശമയച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റേതെന്ന പേരിൽ വാട്‌സ്ആപിൽ നിന്നുമാണ് സന്ദേശം അയച്ചത്. തുടർന്ന് ഇവർ പണം നൽകുകയായിരുന്നു.
പണം ലഭിക്കാതായതോടെ അദ്ധ്യാപിക പോലീസിൽ പരാതി നൽകി. സന്ദേശം അയച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ പൗരനെ ഡൽഹിയിൽ നിന്നും പിടികൂടുന്നത്. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
















Comments