ന്യൂഡൽഹി:അട്ടപ്പാടിയിലെ നവജാത ശിശു മരണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ.അട്ടപ്പാടിയിലെ നവജാത ശിശു മരണം സംബന്ധിച്ച് എടുത്ത നടപടികളുടെ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ നൽകണമെന്ന് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ ആവശ്യപ്പെട്ടു.
338 (A) പ്രകാരം കേന്ദ്ര പട്ടിക വർഗ്ഗ കമ്മീഷൻ ചീഫ് സെക്രട്ടറിക്കും പാലക്കാട് ജില്ലാ കളക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.ബിജെപി മുൻ രാജ്യസഭാ എം പി റിച്ചാർഡ് ഹേ നൽകിയ പരാതിയിലാണ് നടപടി
അട്ടപ്പാടിയിൽ ഈ വർഷം ഇതുവരെയായി രണ്ടു കുഞ്ഞുങ്ങളാണ് മരിച്ചത്.ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിൽ നാല് കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം ഉണ്ടായിരുന്നു.ഇതേ തുടർന്ന് നവജാത ശിശു മരണം വലിയ വിവാദമായി തീർന്നിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ അട്ടപ്പാടി സന്ദർശിച്ചു.
ഇതിന് പിന്നാലെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ അസൗകര്യങ്ങൾ മൂലമാണ് മരണങ്ങൾ കൂടുന്നതെന്ന് ആരോപണം ഉയർന്നു. ഗർഭിണികൾക്ക് ആവശ്യമായ പോഷകാഹാരം കിട്ടുന്നില്ലെന്ന് വ്യക്തമായി. ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെപ്പോലും ചികിത്സിക്കാനുള്ള സൗകര്യം കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു. സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ സർക്കാറിനെ പ്രതികൂട്ടിലാക്കിയപ്പോൾ സൂപ്രണ്ടിനെ സ്ഥലം മാറ്റിയും അട്ടപ്പാടിക്കായി കർമ്മ പദ്ധതി പ്രഖ്യാപിച്ചുമാണ് സർക്കാർ വിവാദങ്ങളെ ശമിപ്പിച്ചത്.
Comments