മുംബൈ : കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ ഭീകരത തുറന്നുകാട്ടുന്ന ‘ദി കശ്മീരി ഫയൽസ്’ നെതിരെ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ പുറത്തിറക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്തസാർ ഹുസൈൻ എന്നയാളാണ് കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. എന്നാൽ സിനിമയുടെ റിലീസ് മാറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞ് കോടതി ഹർജി തളളുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടോയെന്ന് വിവരാവാശ നിയമത്തിലൂടെ ഹർജിക്കാരൻ അന്വേഷിച്ചോ എന്നാണ് കോടതി ചോദിച്ചത്. ഇതിന് ഒരു മാസം വരെ സമയമെടുക്കും എന്നാണ് ഹർജിക്കാരൻ പറഞ്ഞത്. ഇതോടെ ഹർജി തള്ളുകയായിരുന്നു. ഹർജിക്കാരന് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയതിയിൽ തന്നെ സിനിമ റിലീസ് ചെയ്യും. മാർച്ച് 11 നാണ് റീലിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
1990 കളിൽ കശ്മീരിൽ നടന്ന ക്രൂരതകളാണ് സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കശ്മീരിലെ പണ്ഡിറ്റുകളുടെ യഥാർത്ഥ ജീവിതം ആസ്പദമാക്കി ഇസ്ലാമിക ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ തുറന്ന് കാട്ടുന്നതാണ് ചിത്രം. പല്ലവി ജോഷി, പ്രകാശ് ബെലവാടി, ദർശൻ കുമാർ, ചിന്മയി മണ്ഡലേക്കർ മൃണാൽ കുൽക്കർണി, അതുൽ ശ്രീവാസ്തവ എന്നീ പ്രശസ്ത താരങ്ങളും ചിത്രത്തിലുണ്ട്. തേജ് നാരായൺ അഗർവാൾ, അഭിഷേക് അഗർവാൾ, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഈ സിനിമ പ്രഖ്യാപിച്ചത് മുതൽ മതമൗലികവാദികൾ പ്രതിഷേധവും ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന് നേരെയും ഭീഷണി ഉയർന്നിരുന്നു.
















Comments