ഭോപ്പാൽ: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സുരക്ഷ ഒരുക്കിയത് വനിതകൾ. മദ്ധ്യപ്രദേശ് പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്തത്.
ഡ്രൈവർ ഉൾപ്പെടെ വനിതകൾ മതിയെന്ന നിർദ്ദേശമാണ് ശിവരാജ് സിംഗ് ചൗഹാൻ നൽകിയതെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല വഹിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിട്ടു ശർമ്മ പറഞ്ഞു. ദൗത്യം ഏറ്റെടുക്കാൻ കഴിഞ്ഞത് എല്ലാവരുടെയും ആത്മവിശ്വാസം ഉയർത്തുമെന്നും ബിട്ടു ശർമ്മ കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണയും ഈ ദിനത്തിൽ പൂർണമായി വനിതാ ഉദ്യോഗസ്ഥരായിരു്ന്നു ശിവരാജ് സിംഗ് ചൗഹാന് സുരക്ഷ ഒരുക്കിയത്.
സ്ത്രീകൾക്കായി സർക്കാർ ആരംഭിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം ഉൾപ്പെടെ തിരക്കിട്ട പരിപാടികളായിരുന്നു മുഖ്യമന്ത്രിയുടേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി രാജ്യത്ത് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വനിതകളുടെ സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ ശാക്തീകരണത്തിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ശിവരാജ് സിംഗ് ചൗഹാൻ പിന്നീട് പറഞ്ഞു.
വനിതാ പോലീസുകാർക്ക് എവിടെയും പെട്ടന്ന് എത്താനായി 100 സ്‌കൂട്ടറുകളും ഇന്ന് സർക്കാർ കൈമാറി. സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന അവസരങ്ങളിൽ പെട്ടന്ന് എത്താൻ ഇത് അവരെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments