സ്ലൊവാക്യ: കൈയ്യിൽ ചെറിയ ഒരു പ്ലാസ്റ്റിക് കവർ. തോളിൽ ചുവന്ന ഒരു ബാഗ്. അതിനുളളിൽ അവശ്യം വേണ്ട വസ്തുക്കൾ. പിന്നെ പാസ്‌പോർട്ട്. കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളിയും വസ്ത്രങ്ങളും തൊപ്പിയും പിന്നെ കൈത്തണ്ടയിൽ കുറിച്ച ഒരു ബന്ധുവിന്റെ ഫോൺ നമ്പറും. റഷ്യയുടെ ആക്രമണം തുടരുന്ന സപോറിഷ്യയിൽ നിന്നും 11 കാരനായ ഹസൻ വീട് വിട്ടിറങ്ങുമ്പോൾ ഇത്രയുമായിരുന്നു കൈയ്യിൽ കരുതിയത്. ഇതുമായി അവൻ ഒറ്റയ്‌ക്ക് യാത്ര ചെയ്തത് 1,200 കിലോമീറ്ററുകളാണ് അതായത് 750 മൈൽ.
ഹസന്റെ പ്രായമുളള മുത്തശ്ശി വീട്ടിലുളളതിനാൽ അമ്മയ്‌ക്ക് വീട് വിട്ടു പോകാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് ഹസനെ സുരക്ഷിതനാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് മകന് അത്യാവശ്യം വേണ്ട സാധനങ്ങളും ബന്ധുവിന്റെ ഫോൺ നമ്പറും നൽകി സ്ലൊവാക്യൻ അതിർത്തിയിലേക്ക് ട്രെയിൻ കയറ്റി വിട്ടത്.
കുട്ടി തനിയെ വരുന്നത് കണ്ടാണ് വോളന്റിയേഴ്‌സും പോലീസും ശ്രദ്ധിച്ചത്. വിവരങ്ങൾ ചോദിച്ചപ്പോൾ അമ്മയ്‌ക്ക് ഒപ്പം വരാനായില്ലെന്ന് പറഞ്ഞു. യുദ്ധത്തിന്റെ കെടുതികൾ പൂർണമായി ഉൾക്കൊളളാനായിട്ടില്ലെങ്കിലും പുഞ്ചിരിക്കുന്ന മുഖവുമായി മുൻപിലെത്തിയ ഹസൻ ഇന്നത്തെ ഹീറോയാണെന്നാണ് അതിർത്തിയിലെ സ്ലൊവാക്യൻ പോലീസ് വിശേഷിപ്പിച്ചത്. പുഞ്ചിരിയോടെ അവൻ എല്ലാവരുടെയും മനസ് കവർന്നു.
ഹസനിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ സ്ലൊവാക്യൻ പോലീസ് അവന്റെ അമ്മയുടെ വീഡിയോ സന്ദേശം ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. താമസിക്കുന്നതിന്റെ തൊട്ടടുത്ത ഊർജ്ജ പ്ലാന്റിൽ വരെ ഷെല്ലാക്രമണം ഉണ്ടായി. അമ്മയെ ഉപേക്ഷിച്ച് പോരാൻ മനസ് വരാത്തതിനാൽ മകനെ അയയ്‌ക്കുകയായിരുന്നു. അവനെ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട്. ജൂലിയ പിസേക്ക പറഞ്ഞു. ഹസന് ഭക്ഷണവും വെളളവും ഒക്കെ നൽകിയ സ്ലൊവാക്യൻ പോലീസ് അവന്റെ ബന്ധുവിനെയും കണ്ടുപിടിച്ചു കൊടുത്തു.
















Comments