ചേർത്തല: പള്ളിപ്പുറത്ത് വൻ തീപിടുത്തം. പ്ലൈവുഡ് നിർമ്മാണ കമ്പനിയിലാണ് തീപിടിച്ചത്. പള്ളിപ്പുറം മലബാർ സിമന്റ് ഫാക്ടറിക്ക് എതിർവശത്തുള്ള ഫെയ്സ് പാനൽ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലർച്ചെ തീപിടിച്ചത്. തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ കമ്പനിയും ഗോഡൗണും പ്രവർത്തിച്ചിരുന്നു.
ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്ന് 12 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. ആലപ്പുഴ, തകഴി, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയത്. 100ലധികം വിവിധഭാഷാ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഇതിനോട് ചേർന്ന് തന്നെയാണ് തൊഴിലാളികൾ താമസിക്കുന്നതും.
ആളപായമുണ്ടായിട്ടില്ലെന്ന് പ്രാഥമിക നിഗമനം. പുലർച്ചെ ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. മൂന്നു മണിക്കൂറോളമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.
















Comments