ലക്‌നൗ: യുപിയിലെ വോട്ടെണ്ണൽ തുടങ്ങും മുൻപ് തന്നെ പാർട്ടിയുടെ പരാജയം അംഗീകരിച്ച് പ്രിയങ്ക വാദ്ര. ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർക്കായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രിയങ്ക പാർട്ടിയുടെ പരാജയം അംഗീകരിച്ചത്. പോരാട്ടം തുടങ്ങിയിട്ടേ ഉളളൂവെന്നും പാർട്ടി പ്രവർത്തകർ നിരാശപ്പെടരുതെന്നും ഇന്നലെ രാത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പ്രിയങ്ക പറഞ്ഞു.
ജനങ്ങളുടെ വിവേകവും ധാരണയുമാണ് തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ജനവിധിയെ പാർട്ടി മാനിക്കുന്നു. പോരാട്ടം ആരംഭിച്ചിട്ടേയുളളൂ ധൈര്യത്തോടെയും പുതിയ ഊർജ്ജത്തോടെയും മുൻപോട്ട് പോകണം. പ്രിയങ്ക കൂട്ടിച്ചേർത്തു.
ദീർഘകാലമായി സംസ്ഥാനത്ത് അധികാരത്തിലില്ലെങ്കിലും പൊതുസേവനത്തിനായി കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പോരാട്ടവും ആത്മാർത്ഥതയുമാണ് രാഷ്‌ട്രീയത്തിന്റെ യഥാർത്ഥ ലക്ഷ്യം. അതിൽ താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു.
ജനവിധി മാനിക്കുന്നതിനൊപ്പം രാജ്യത്തിനും യുപിക്കും വേണ്ടിയുളള പോരാട്ട തുടർച്ചയ്്ക്ക് തയ്യാറെടുക്കണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു. പ്രിയങ്കയുടെ നേതൃത്വത്തിലാണ് യുപിയിൽ കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി കേവലഭൂരിപക്ഷം ഉറപ്പാക്കിക്കഴിഞ്ഞു.
Comments