ബുഡാപെസ്റ്റ്: കഴിഞ്ഞ ദിവസം രാത്രി ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഒരു പിടികിട്ടാപ്പുള്ളി ചാടിപോയി. തെരുവിൽ അലഞ്ഞ് തിരിഞ്ഞു നടന്ന ”പുള്ളിയെ”ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്.
ഹംഗറിയിൽ പോലീസിനെ വട്ടം കറക്കിയ വിരുതൻ വേറാരുമല്ല ഒരു പെൻഗ്വിനാണ്. ആറ് മാസം മാത്രം പ്രായമുള്ള സാനിക എന്ന് പേരുള്ള പെൻഗ്വിൻ കുഞ്ഞാണ് നഗരത്തിലെ മൃഗശാലയിൽ നിന്ന് ചാടി പോയത്.
തെരുവിലെ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് പോലീസുകാരും മൃഗശാല അധികൃതരും അവളെ രക്ഷിച്ചത്. സാഹസിക യാത്രയ്‌ക്കിറങ്ങിയ സാനിക പുറത്തെ ചൂടിൽ ആകെ പ്രയാസപ്പെട്ടിരിക്കുകയായിരുന്നു. അവളെ ഐസ് നിറച്ച ബോക്‌സിൽ ഇരുത്തിയാണ് മൃഗശാല അധികൃതർ സമാധാനിപ്പിച്ചതെന്നാണ് വിവരം.
നഗരത്തിലെ മെട്രോപോളിറ്റൻ മൃഗശാലയിൽ വലിയ സുരക്ഷാ മുൻകരുതലിൽ വളർത്തുന്ന സാനിക എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന കാര്യം അന്വേഷിക്കുകയാണ് പോലീസുകാർ. യുക്രെയ്‌നിലെ അധിനിവേശത്തിന് പിന്നാലെ ജീവനും കൊണ്ട് നിരവധിപേരാണ് ഹംഗറിയിലേക്ക് പലായനം ചെയ്യുന്നത്. അതിനിടയ്‌ക്ക് സാനികയുടെ പലായനം കൗതുക വാർത്തയാവുകയാണ്.
















Comments