മുംബൈ: ലോകത്തിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രതയുള്ളത് ഇന്ത്യയിലെ ദേശീയോദ്യാനത്തിലാണെന്ന് പഠനം. മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലാണ് ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രത ഉള്ളത്.
വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി,വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും(ഡെറാഡൂൺ) മാഹാരാഷ്‌ട്ര വനം വകുപ്പുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ വന്യജീവി സമ്പത്ത് വ്യക്തമാകുന്നത്. പഠനത്തിൽ 100 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം 26 എണ്ണം ആണ് പുള്ളിപ്പുലി സമ്പത്തെന്ന് വ്യക്തമാകുന്നു.
ലോകത്തിലെ മറ്റൊരു ഭൂപ്രകൃതിയിലും ഇത്രയധികം പുള്ളിപ്പുലികളെ ഒരു ചെറിയ പ്രദേശത്ത്, അതും ഇത്രയും വലിയ സാന്ദ്രതയിൽ ജീവിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വലിയ മാംസഭുക്കുകൾക്ക് മനുഷ്യൻ ആധിപത്യം പുലർത്തുന്ന ഭൂപ്രകൃതിയിൽ പൊരുത്തപ്പെടാനും വളർച്ച കൈവരിക്കാനും കഴിയില്ലെന്നാണ് പൊതുവെയുള്ള ധാരണയെന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ നികിത് സർവെ ചൂണ്ടിക്കാട്ടി.എന്നാൽ ചില വലിയ മാംസഭുക്കുകൾക്ക് മനുഷ്യരുമായി ഇടം പങ്കിടാൻ കഴിയുമെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തങ്ങളുടെ പഠനം ഇതിന് കൂടുതൽ വിശ്വസനീയമായ തെളിവുകൾ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പുള്ളിപ്പുലിയുടെ എണ്ണം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിൽ വന്യജീവി സമ്പത്ത് ഉണ്ടെന്നതിന്റെ വലിയ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം പുള്ളിപ്പുലിയുടെ ഭക്ഷണമായ കാട്ടുപന്നി,മാൻ തുടങ്ങിയ നിരവധി ജീവികൾ ഉള്ളയിടത്തേ പുള്ളിപ്പുലിയ്‌ക്ക് അതിജീവിക്കാനാകൂ. ഇത്രയധികം പുള്ളിപ്പുലികളുടെ എണ്ണം അത് കൊണ്ട് തന്നെ വന്യജീവി സമ്പത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments