തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്. രാവിലെ 9ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. നേരത്തെ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരുന്നു കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. എന്നാൽ ഇത്തവണ സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക.
ബജറ്റിൽ കൊറാണാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.സംസ്ഥാന സർക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി വർദ്ധനയുടെ സൂചനകളുമുണ്ട്.
കെ റെയിൽ പോലുള്ള സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ഭാവി നടപടി ക്രമങ്ങൾ സംബന്ധിച്ചും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം ,കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അതേസമയം, ബജറ്റന് തലേന്ന് നിയമസഭിയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ, കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ വളർച്ച ഇന്നറിയാം. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സർവതല സ്പർശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
















Comments