ഹൈദരാബാദ്: ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും അധികാരം നൽകാനുള്ള ജനങ്ങളുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് വീണ്ടും അധികാരം നൽകാൻ യുപിയിലെ പൊതുജനങ്ങൾ തീരുമാനിച്ചു. ആ തീരുമാനത്തെ ഞാൻ മാനിക്കുന്നു. എഐഎംഐഎമ്മിന്റെ സംസ്ഥാന അദ്ധ്യക്ഷനും പ്രവർത്തകർക്കും അംഗങ്ങൾക്കും പാർട്ടിക്ക് വോട്ട് ചെയ്ത പൊതുജനങ്ങൾക്കും നന്ദി പറയുകയാണ്. വലിയ ശ്രമങ്ങളാണ് ഞങ്ങൾ നടത്തിയത്. പക്ഷേ പ്രതീക്ഷിച്ച ഫലം വോട്ടെടുപ്പിൽ ലഭിച്ചില്ലെന്നും വീണ്ടും കഠിനാധ്വാനം ചെയ്യുമെന്നും അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു.
എല്ലാ രാഷ്‌ട്രീയ പാർട്ടികളും വോട്ടിംഗ് മെഷീന്റെ പ്രശ്നങ്ങൾ ഉന്നയിച്ച് തങ്ങളുടെ പരാജയം മറയ്‌ക്കാൻ ശ്രമിക്കുകയാണ്. ഇത് ഒരിക്കലും ഇവിഎമ്മിന്റെ കുഴപ്പമല്ല, ജനങ്ങളുടെ മനസിലുള്ള ‘ചിപ്പിന്റെ’ പ്രശ്‌നമാണ്. നാളെ മുതൽ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുകയാണ് ഞങ്ങൾ. അടുത്ത തവണ കൂടുതൽ മെച്ചപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുകയാണെന്നും ഒവൈസി പ്രഖ്യാപിച്ചു.
യോഗി സർക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. മുസ്ലീം ഭൂരിപക്ഷം അധികമുള്ള നിയോജക മണ്ഡലങ്ങളിലായിരുന്നു സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നത്. എന്നിട്ടും അത്തരം മണ്ഡലങ്ങളിൽ പോലും ഒവൈസിയുടെ പാർട്ടിക്കാർക്ക് സീറ്റ് നേടാൻ സാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. 0.48 ശതമാനം വോട്ട് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്.
Comments