തിരുവനന്തപുരം : സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ തടയാൻ 25 കോടി രൂപ അനുവദിച്ച് സർക്കാർ. ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമേ മത്സ്യ ബന്ധന മേഖലയുടെ പുരോഗതിയ്‌ക്കായി 240 കോടി രൂപയും അനുവദിച്ചു.
വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും, വനാതിർത്തിയിൽ മനുഷ്യർക്കും, വളർത്തു മൃഗങ്ങൾക്കും ജീവഹാനിയുണ്ടാക്കുന്നതും ഇന്ന് വലിയ പ്രശ്‌നങ്ങളാണ്. മനുഷ്യ- വന്യമൃഗ സംഘർഷ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് ദീർഘകാല പരിഹാര പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി.
കടൽ സുരക്ഷാ പദ്ധതിയ്‌ക്ക് 5.5 കോടി രൂപയും സർക്കാർ അനുവദിച്ചു. ജലവിഭവ മേഖല്ക്ക് 552 കോടി രൂപ അനുവദിച്ചു. വനംവന്യജീവി സംരക്ഷണത്തിനായി പ്രസ്തുത വകുപ്പിന് 2022-23 സാമ്പത്തിക വർഷത്തിൽ 251.32 കോടി രൂപ അനുവദിച്ചു. മുൻവർഷത്തെക്കാൾ ഇത് 30.1 കോടി രൂപ കൂടുതലാണ് . വനവത്കരണ പ്രവർത്തനങ്ങൾ, വനാതിർത്തിയിൽ താമസിക്കുന്ന വിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്കായി 26 കോടി രൂപ അനുവദിച്ചു. ഇക്കോ ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ അധികം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
















Comments