ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ പണമിടപാട് സേവന ദാതാക്കളായ പേടിഎമ്മിന് നിയന്ത്രണം. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് പേടിഎമ്മിന് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്ന് ആർബിഐ പേടിഎമ്മിന് നിർദ്ദേശം നൽകി. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടി അറിയിക്കാമെന്ന് ആർബിഐ അറിയിച്ചു.
1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെഷൻ 35(എ) പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയതിനുള്ള കാരണം ആർബിഐ വ്യക്തമാക്കിയിട്ടില്ല. ഇത് രണ്ടാം തവണയാണ് പേടിഎമ്മിനെതിരെ ആർബിഐ നടപടിയെടുക്കുന്നത്. 2018ൽ സമാനമായ രീതിയിൽ പേടിഎമ്മിന് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
2017 മേയ് 23നാണ് പേടിഎം ബാങ്കിംഗ് പ്രവർത്തനം ആരംഭിക്കുന്നത്. 2015ലാണ് പേടിഎമ്മിന് ആർബിഐ പേമെന്റ് ബാങ്കായി ഉയർത്താനുള്ള അനുമതി നൽകുന്നത്. നിലവിൽ 58 മില്യൺ അക്കൗണ്ടുകളാണ് പേടിഎമ്മിനുള്ളത്.
Comments