ശ്രീനഗർ; ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന അപകടത്തിൽ സഹപൈലറ്റ് മരിച്ചു.മേജർ സങ്കൽപ് യദവ്(29) ആണ് മരിച്ചത്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് മരിച്ച സഹപൈലറ്റ്.
ഗുരുതരമായി പരിക്കേറ്റ പൈലറ്റ് 92 ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ രാവിലയാണ് അപകടം നടന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
രോഗികളായ ബിഎസ്എഫ് സൈനികരെ കൊണ്ടുപോകാനാണ് ഹെലികോപ്റ്റർ പ്രദേശത്തേയ്‌ക്ക് എത്തിച്ചേർന്നത് എന്നാണ് വിവരം.
സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.ഗുരേസ് താഴ്വരയ്‌ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും സഹപൈലറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല.
മഞ്ഞുവീഴ്ചയാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
















Comments