കൊച്ചി: കോൺഗ്രസിലെ വേറിട്ട ശബ്ദത്തിന് ഉടമയായ അന്തരിച്ച നേതാവ് പി.ടി.തോമസിനെ നന്ദിപൂർവ്വം സ്മരിക്കുകയാണ് നടി ഭാവന. ഒരായുഷ്‌കാലം മുഴുവൻ വേദനയോടെ ഓർക്കുന്ന തീഷ്ണമായ ജീവിതാനുഭവമാണ് ഭാവനയ്‌ക്ക് ഉണ്ടായത്. കാര്യമറിയാതെ പഴിച്ചവരും അവസരം മുതലാക്കിയവരും ഉൾപ്പെടെയുള്ളവരുടെ വാക്കുകളിൽ വേദനയും അപമാനവും സഹിച്ചുകഴിയേണ്ടി വന്ന ഭാവനയ്‌ക്ക് ആദ്യനാളുകളിൽ തന്നെ തുണയായത് അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസാണെന്ന് ഭാവന തുറന്നു പറയുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധികളിൽ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ. പോരാടണമെന്നും ആത്മധൈര്യത്തോടെ മുന്നേറണമെന്നും പറഞ്ഞ് കൂടെ നിന്നയാൾ. വിഷമഘട്ടങ്ങളിൽ സത്യംജയിക്കുമെന്ന് ആത്മവിശ്വാസം പകർന്നയാളെന്നും ഭാവന പിടി തോമസിനെ അനുസ്മരിച്ചു.
അതെ സമയം സിനിമയിൽ നിന്ന് മാറി നിന്നത് മനസമാധാനത്തിനാണെന്നും തിരിച്ചുവരവ് അതീവ പ്രയാസകരമാണെന്നും എന്നാൽ എന്നെങ്കിലും തിരിച്ചുവരുമെന്നും അവർ പറഞ്ഞു. തെളിവെടുപ്പ് നടന്ന ദിവസങ്ങൾ അതീവപ്രയാസമേറിയതായിരുന്നു. കുത്തിനോവിക്കുന്ന ചോദ്യങ്ങളും ആവർത്തനങ്ങളും മനസ്സിനെ തളർത്തി. നിരപരാധിയാണെന്നു തെളിയിക്കേണ്ട ബാധ്യത തന്റെതുമാത്രമായിമായിരുന്നുവെന്നും ഭാവന പറഞ്ഞു.
ഇരയല്ല താൻ അതിജീവിച്ചവളാണെന്ന് പറഞ്ഞ് മാധ്യമങ്ങൾക്കു മുന്നിൽ ധൈര്യപൂർവ്വം വന്ന ഭാവന മാനസികമായി സ്വയംകരുത്താർജ്ജിച്ചു തുടങ്ങി. സത്യംജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
















Comments