തൃശൂർ: സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബജറ്റിലെ അവഗണനയിലും നിരക്ക് വർദ്ധനവ് വൈകിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം. ബസ് ചാർജ്ജ് മിനിമം 12 രൂപയാക്കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയിൽ നിന്നും ആറ് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം.
നിരക്ക് കൂട്ടാമെന്ന് സർക്കാർ ഉറപ്പ് നൽകി ആറ് മാസം പിന്നിട്ടിട്ടും ആ വാക്ക് പാലിച്ചിട്ടില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയും നൽകിയില്ലെന്ന് അവർ ആരോപിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ വ്യക്തമാക്കി. ഈ മാസം അവസാനം തീയതി പ്രഖ്യാപിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നേരത്തെ എത്തിയിരുന്നു. അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള കെഎസ്ആർടിസിയ്‌ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും നടത്തിയില്ല. ബജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നത് പ്രതിഷേധാർഹമാണെന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു.
















Comments