ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ചാനലുകളുടെ തലയിൽ കെട്ടിവെയ്‌ക്കാനുളള നീക്കവുമായി ബിഎസ്പി നേതാവ് മായാവതി. പാർട്ടി നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് മായാവതി വിലക്കി. തിരഞ്ഞെടുപ്പിൽ ബിഎസ്പിയോട് മാദ്ധ്യമങ്ങൾ ജാതീയ വേർതിരിവ് കാണിച്ചുവെന്ന് മായാവതി പറഞ്ഞു.
മായാവതി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മാദ്ധ്യമ മുതലാളിമാരുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്തരം നിലപാടെന്നും അത് പാർട്ടിക്ക് വളരെ ദോഷം ചെയ്തതായും മായാവതി പറഞ്ഞു. അതുകൊണ്ടു തന്നെ പാർട്ടി വക്താക്കൾക്ക് പുതിയ ചുമതലകൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടി വക്താക്കളായ സുധീന്ദ്ര ബദോരിയ, ധരംവീർ ചൗധരി, ഡോ. എം.എച്ച് ഖാൻ, ഫൈസാൻ ഖാൻ, സീമ ഖുശ് വാഹ എന്നിവർ ഇനി ചാനൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് അവർ പറഞ്ഞു.
നാല് തവണ യുപിയുടെ മുഖ്യമന്ത്രിയായിരുന്ന മായാവതിയും ബിഎസ്പിയും ഇക്കുറി തിരഞ്ഞെടുപ്പിൽ അപ്രസക്തമായിപ്പോയിരുന്നു. 19 സീറ്റുകൾ ഉണ്ടായിരുന്ന ബിഎസ്പിക്ക് ഒരു സീറ്റ് മാത്രമാണ് ഇക്കുറി ലഭിച്ചത്. വോട്ട് ഷെയറിലും കാര്യമായ കുറവുണ്ടായി. 22.23 ശതമാനമായിരുന്ന വോട്ട് വിഹിതം ഇക്കുറി 12.88 ശതമാനമായി കുറഞ്ഞു. 2007 ലെ യുപി തിരഞ്ഞെടുപ്പിൽ 206 സീറ്റുകളുമായി അധികാരത്തിലെത്തിയ പാർട്ടിയാണ് ബിഎസ്പി.
അതേസമയം മായാവതി തോൽവിയുടെ പേരിൽ മാദ്ധ്യമങ്ങളെ പഴിചാരുന്നത് ആദ്യമായിട്ടല്ല. മുൻപും സമാനമായ സാഹചര്യത്തിൽ മാദ്ധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിചാരി രക്ഷപെടുകയാണ് ചെയ്യുന്നത്. പ്രചാരണത്തിൽ ഉൾപ്പെടെ ഇക്കുറി ബിഎസ്പിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായിരുന്നില്ല. ഭരിച്ചിരുന്ന കാലത്തെ അഴിമതികളും മായാവതിക്ക് തിരിച്ചടിയായി.
















Comments