ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വമ്പൻ വിജയം ആഘോഷമാക്കുകയാണ് അനുയായികൾ. പലവിധത്തിലാണ് ആഘോഷങ്ങൾ പ്രദേശത്ത് അരങ്ങേറുന്നത്. വാരാണാസിയിലെ പാർട്ടി അനുയായികൾ വിജയം ആഘോഷിക്കുന്ന രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അനുയായികൾ അവരുടെ കൈകളിൽ ബുൾഡോസറിന്റെ രൂപം പച്ചകുത്തിയിരിക്കുകയാണ്.
വാരാണാസിയിലെ അസ്സി ഘട്ടിന് സമീപമുള്ള ടാറ്റൂ കടകളിൽ നിരവധി പേരാണ് പച്ചകുത്താനായി എത്തുന്നത്. ബുൾഡോസർ ബാബാ എന്നും ചിലർ കൈകളിൽ ആലേഖനം ചെയ്യുന്നുണ്ട്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട വാക്കാണ് ബുൾഡോസർ എന്നത്. മാഫിയകളേയും ഗുണ്ടകളേയും ബുൾഡോസർ ഉപയോഗിച്ച് തുരത്തി ഓടിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
യോഗിയുടെ പരാമർശത്തെ പ്രതിപക്ഷപാർട്ടികൾ കളിയാക്കുകയും ചെയ്തു. ബുൾഡോസർ ബാബ എന്നാണ് അഖിലേഷ് യാദവ് കളിയാക്കിയത്. തെരഞ്ഞെടുപ്പിൽ വിജയം നേടിയതോടെ പ്രതിപക്ഷങ്ങളുടെ കളിയാക്കലുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് ബിജെപി. ഉത്തർപ്രദേശിലെ ജനങ്ങൾ ബുൾഡോസർ ബാബയെ ഏറ്റെടുത്തു എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നതെന്ന് അനുയായികൾ പറയുന്നു.
ബിജെപി പ്രവർത്തകരുടെ വിജയാഘോഷ പ്രകടനങ്ങളിലും ബുൾഡോസറുകൾ ഇടംപിടിച്ചിരുന്നു. ബുൾഡോസറിലാണ് പാർട്ടി പ്രവർത്തകർ റാലി നടത്തിയത്. ബുൾഡോസർ ബാബ എന്ന് യോഗിയെ പരിഹസിച്ചവർക്കുന്ന മറുപടിയായിരുന്നു ഈ ബുൾഡോസർ റാലികൾ. ഗുണ്ടകളെ ഒതുക്കി ക്രമസമാധാനം തിരികെ കൊണ്ടുവന്നതും സമാനതകളില്ലാത്ത വികസനവുമാണ് യോഗിയുടെ വിജയത്തിന് കാരണം.
ഉത്തർപ്രദേശിൽ 41.9 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് ശതമാനം അധികം വോട്ട് വിഹിതം വർധിപ്പിച്ചു. ബിജെപി ഒറ്റയ്‌ക്ക് 255 വോട്ടുകൾ നേടി. എസ്പി 123 സീറ്റുകൾ നേടി. കോൺഗ്രസ് 2 സീറ്റുകളായി ചുരുങ്ങി. മറുവശത്ത് ബിഎസ്പി ഒറ്റ സീറ്റിലേക്ക് ചുരുങ്ങി.
















Comments