ഭോപ്പാൽ: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം പ്രമേയമാകുന്ന ദി കശ്മീർ ഫയൽസിനെ അഭിനന്ദിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. 90കളിൽ കശ്മീരി ഹിന്ദുക്കൾ അഭിമുഖീകരിക്കേണ്ടി വന്ന വേദനകൾ, കഷ്ടപ്പാടുകൾ, പോരാട്ടങ്ങൾ എന്നീ കാര്യങ്ങളെ ഹൃദയത്തിൽ സ്പർശിക്കുന്ന രീതിയിലാണ് ദി കശ്മീർ ഫയൽസിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
ഈ ചിത്രം പരമാവധി എല്ലാ ജനങ്ങളും കാണേണ്ടതുണ്ടെന്നും അതിനാൽ മദ്ധ്യപ്രദേശിൽ കശ്മീർ ഫയൽസിന്റെ പ്രദർശനത്തിന് നികുതി ഈടാക്കുകയില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. മദ്ധ്യപ്രദേശ് കൂടാതെ ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും സിനിമയുടെ പ്രദർശനം നികുതി രഹിതമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നതെന്നും അനുപം ഖേറിന്റെ പ്രകടനം അവിസ്മരണീയമാണെന്നും ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ പ്രതികരിച്ചിരുന്നു. സിനിമ എത്രയും വേഗം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തത്. കലാപം നേരിട്ട് അനുഭവിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നൊരുക്കിയ ചിത്രമാണിതെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. സിനിമ പ്രദർശനമാരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ 12 കോടി രൂപ കളക്ഷൻ നേടി.
Comments