തിരുവനന്തപുരം: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ദ കശ്മീർ ഫയൽസ് കണ്ട് പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇന്നലെ കശ്മീരിൽ നടന്നത്, നാളെ കേരളത്തിൽ നടക്കാനുള്ളത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചിത്രം കണ്ട ശേഷം സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടും. കശ്മീർ ഫയൽസ്, കഥയല്ലിത് ജീവിതമാണെന്നും സന്ദീപ് വാര്യർ പറയുന്നു.
ആസാദി മുദ്രാവാക്യം താളത്തിൽ കൊട്ടിപ്പാടുന്നത് ആർഎസ്എസിനെ എതിർക്കാനാണെന്നു കരുതുന്നവർ ഈ സിനിമ കാണണമെന്നും സന്ദീപ് വാര്യർ പറയുന്നു. നിങ്ങൾ അറിഞ്ഞോ അറിയാതെയോ വിളിക്കുന്നത് തീവ്രവാദത്തിന്റെ മുദ്രാവാക്യമാണെന്ന് സിനിമ മനസ്സിലാക്കി തരും. തീവ്രവാദികളെ ഭയന്ന് സത്യം വളച്ചൊടിച്ച് കള്ളം റിപ്പോർട്ട് ചെയ്യേണ്ടി വന്ന കശ്മീരിലെ മാദ്ധ്യമ പ്രവർത്തനവും സിനിമയിലുണ്ട്. അത് കണ്ടപ്പോൾ ഓർമ വന്നത് ബിജെപിക്ക് ഗുണകരമാവാതിരിക്കാൻ വേണ്ടി ജിഹാദികൾക്കെതിരായ വാർത്തകൾ മനഃപൂർവം മുക്കാറുണ്ടെന്ന് സമ്മതിച്ച മലയാളി മാദ്ധ്യമ പ്രവർത്തകയെയാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കശ്മീരിലെ ഹിന്ദു വംശഹത്യയെ ന്യായീകരിക്കാനുള്ള ആഖ്യാനം ചുമക്കുന്ന മലയാളി ഇടത് ലിബറലുകൾക്ക് കനത്ത പ്രഹരമാണ് വിവേക് അഗ്‌നിഹോത്രി ഏൽപ്പിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുന്ന ജെഎൻയുവിലെ ഇടത് അദ്ധ്യാപകരെയും ചിത്രം തുറന്നു കാണിക്കുന്നു. കശ്മീരിലെ ഹിന്ദുവിന് ഇന്നലെകളിൽ സംഭവിച്ചത് നാളെ കേരളത്തിലെ ഹിന്ദുവിന് സംഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതിനു വേണ്ട പശ്ചാത്തലമെല്ലാം ഒരുങ്ങി കഴിഞ്ഞുവെന്ന് കുറിപ്പിൽ പറയുന്നു.
















Comments