ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ മറ്റൊരു ഇതിഹാസത്തെ കൂടി പിന്നിലാക്കി ആർ.അശ്വിൻ. ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയിനെയാണ് അശ്വിൻ പിന്നിലാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ, ലങ്കൻ പടയുടെ രണ്ടാം ഇന്നിംഗ്‌സിൽ ധനഞ്ജയ ഡിസിൽവയുടെ വിക്കറ്റ് വീഴ്‌ത്തിയാണ് അശ്വിൻ ഡെയ്ൽ സ്റ്റെയിനെ പിന്നിലാക്കിയത്.
അശ്വിന്റെ ടെസ്റ്റ് കരിയറിലെ 440-ാം വിക്കറ്റായിരുന്നു ഡിസിൽവയുടെത്. തന്റെ കരിയറിലെ 86-ാമത് ടെസ്റ്റിലാണ് അശ്വൻ 440 വിക്കറ്റ് സ്വന്തമാക്കിയത്. 439 വിക്കറ്റുകളാണ് ഡെയ്ൽ സ്റ്റെയിനിന്റെ പേരിലുള്ളത്. 93 ടെസ്റ്റുകളിൽ നിന്നായിരുന്നു സ്റ്റെയിൻ 439 വിക്കറ്റ് എടുത്തത്.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിൽ അശ്വിൻ കപിൽദേവിന്റെ നേട്ടവും മറികടന്നിരുന്നു. കപിൽ ദേവിന്റെ 434 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം പിന്തളിയ അശ്വിൻ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റെടുത്ത ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് നേടിയ ഷെയ്ൻ വോൺ, 640 വിക്കറ്റ് നേടിയ ജയിംസ് ആൻഡേഴ്സൺ, 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 563 വിക്കറ്റ് നേടിയ ഗ്ലെൻ മഗ്രാത്ത്, 537 വിക്കറ്റ് സ്വന്തമാക്കിയ സ്റ്റുവർട്ട് ബ്രോഡ്, 519 വിക്കറ്റ് നേടിയ കോർട്ട്നി വാൽഷ്, എന്നിവരാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ അശ്വിന് മുന്നിലുള്ളത്. കൂടാതെ, 132 മത്സരങ്ങളിൽ നിന്നും 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയാണ് ഇന്ത്യൻ ബൗളർമാരിൽ അശ്വിന് മുന്നിലുള്ളത്.
















Comments