മഡ്ഗാവ്: കപ്പടിക്കാനും കലിപ്പടക്കാനും ബ്ലാസ്റ്റേഴ്‌സിന് മുന്നിലിനി ഒരുമത്സരം മാത്രം ബാക്കി. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ. ഐഎസ്എൽ രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ 1-1 ന് സമനിലയിൽ തളച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ആദ്യപാദ മത്സരത്തിൽ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതോടെ ഇരുപാദങ്ങളിലുമായി ബാസ്റ്റേഴ്‌സ് 2-1 ന്റെ ലീഡുനേടിയാണ് ഫൈനൽ യോഗ്യത നേടിയത്. മരണപ്പോരാട്ടത്തിന്റെ എല്ലാ ആവേശവും ദൃശ്യമായ മത്സരമായിരുന്നു നടന്നത്. ഇരു ടീമുകളും എതിരാളികളുടെ ഗോൾ മുഖത്തേയ്‌ക്ക് നിരന്തര ആക്രമണം നടത്തി.
അഡ്രിയാൻ ലൂണ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി 18-ാം മിനിറ്റിൽ ഗോൾ നേടി. ഇടത് വിങ്ങിൽ നിന്നും ആൽവാരോ വാസ്‌കസ് കൈമാറിയ പന്ത് രണ്ട് ജംഷഡ്പൂർ പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ലൂണ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ ആക്രമിച്ച് കളിച്ച ജംഷഡ്പൂർ 50-ാം മിനിറ്റിൽ ഗോൾ മടക്കി. ഇന്ത്യൻ താരം പ്രണോയ് ഹാൽദറാണ് ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കിയത്. നാളെ നടക്കുന്ന ഹൈദരാബാദ് – എടികെ മത്സരത്തിലെ വിജയികളെ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടും. 2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനുമുമ്പ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. ഈമാസം 20നാണ് ഫൈനൽ.
Comments