ഉഡുപ്പി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്ക് ശേഷം കർണാടകയിലെ ആദ്യ അദ്ധ്യയന ദിനത്തിൽ അതീവ ജാഗ്രതയോടെ പോലീസ്. ഹിജാബ് വിഷയത്തിന്റെ മറവിൽ മതമൗലിക വാദികൾ വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിച്ച ഉഡുപ്പിയിൽ സ്‌കൂളുകളുടെ പരിസരങ്ങളിൽ പോലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഉഡുപ്പിയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ഈ മാസം 21 വരെ ഇത് തുടരുമെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധങ്ങൾക്കും ആഘോഷങ്ങൾക്കും പ്രകടനങ്ങൾക്കുമാണ് വിലക്ക്. ഹൈക്കോടതി വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുളള സാദ്ധ്യത മുൻനിർത്തി ഇന്നലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു.
രാവിലെ സ്‌കൂളുകളിലും കോളജുകളിലും ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ എം കുർമാ റാവു സന്ദർശനം നടത്തി. എല്ലാവരും സമാധാനവും സൗഹാർദ്ദവും പാലിക്കണമെന്ന് അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
വിധി വന്ന ശേഷം സ്‌കൂളുകളും കോളജുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുമെന്നും നിരോധനാജ്ഞ തുടരുമെന്നും ഉഡുപ്പി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രേരണയോടെ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് സ്‌കൂളിലെത്താൻ തുടങ്ങിയതോടെ മാനേജ്‌മെന്റും അദ്ധ്യാപകരും ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.
















Comments