കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിനിടെ ഭക്ഷ്യ പ്രതിസന്ധിയും ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യയുടെ അടിയന്തിര സഹായം ലങ്ക ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തികമായ പ്രതിസന്ധി പരിഹരിക്കാൻ മാത്രം 7000 കോടി വായ്പയായി നൽകാനാണ് തീരുമാനം.
ശ്രീലങ്കൻ റുപ്പിയുടെ വില ഡോളറിനെതിരെ 265 ലേക്കാണ് താഴോട്ട് വീണിരിക്കുന്നത്. ഒരു കിലോ അരിവില 148 രൂപയും പെട്രോൾ വില 200ന് മുകളിലുമാണ്. പാചക വാതക വിലയും വൻതോതിൽ വർദ്ധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി പൊതുവിതരണ സമ്പ്രദായത്തെ തകർത്തിട്ട് മാസങ്ങളായി. കടകൾക്ക് മുന്നിൽ സൈന്യത്തെ കാവൽ നിർത്തിയാണ് കച്ചവടം നടക്കുന്നത്. ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുകയാണ്. കൊളംബോയിലെ ഗാലേ റോഡിൽ പ്രസിഡന്റിന്റെ വസതിയിലേക്കാണ് പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത്. പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയാ എന്ന പാർട്ടിയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രസിഡന്റ് ഗോതാബയ രജപക്‌സേയും പ്രധാനമന്ത്രി മഹിന്ദ രജപക്‌സേയും ധനകാര്യമന്ത്രി ബാസിൽ രജപക്‌സേയും ചേർന്ന് രാജ്യത്തെ കട്ടുമുടിച്ചുവെന്ന ശക്തമായ ആരോപണമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്.
















Comments