തിരുവനന്തപുരം: കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപി സ്‌കൂൾ അദ്ധ്യാപകർ. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് അദ്ധ്യാപകർ അറിയിച്ചപ്പോൾ, പഴനിയിലേയ്ക്ക് പോയ്‌ക്കോളൂ എന്ന മറുപടിയാണ് കെ.ടി ജലീൽ നൽകിയതെന്ന് അദ്ധ്യാപകർ പറഞ്ഞു.
എംഎൽഎയുടെ ഭാഗത്ത് നിന്നും ഉണ്ടായ മറുപടി തീർത്തും അപമാനകരമാണെന്നും ഒരു സ്ത്രീയെ അപമാനിക്കുന്നതിന് അപ്പുറമാണ് കെ.ടി ജലീലിന്റെ പ്രതികരണമെന്നും അദ്ധ്യാപകർ വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ അദ്ധ്യാപക ഒഴിവിന് ആനുപാതികമായി ഷോർട്ട് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപകർ നടത്തുന്ന സമരം 95-ാം ദിവസത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ കെ.ടി ജലീലിനെ കണ്ടിരുന്നു. അപ്പോഴാണ് പ്രതിഷേധക്കാരെ അപമാനിക്കുന്ന രീതിയിൽ എംഎൽഎയുടെ പ്രസ്താവന.
‘തലമുണ്ഡനം ചെയ്യുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചപ്പോൾ, നിങ്ങൾ പഴനിയിലേയ്‌ക്ക് പോയ്‌ക്കോളൂ എന്ന് കെ.ടി ജലീൽ പരിഹസിച്ചു. ഈ അപമാനം ഒരിക്കലും സഹിക്കില്ല. ഇതിനെല്ലാം പിഎസ് സിയും സർക്കാരും മറുപടി പറയണം. വനിതാ സംഘടനകളും അദ്ധ്യാപക സംഘടനകളും ഇവിടെയുണ്ട്.ഞങ്ങൾ അദ്ധ്യാപക യോഗ്യത നേടിയവരാണ് തലമുറകളെ മാറ്റിയെടുക്കുന്നവരാണ്. മലപ്പുറത്തെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്’ പ്രതിഷേധക്കാർ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയോട് സമരത്തെ കുറിച്ച് സംസാരിച്ചപ്പോൾ നിങ്ങൾ സമരം ചെയ്‌തോളൂ, അത് അവകാശമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറ്റൊരു എംഎൽഎയെ കണ്ടപ്പോൾ നിങ്ങളോട് സമരം ചെയ്യാൻ ആരാണ് പറഞ്ഞത് എന്നായിരുന്നു ചോദ്യം. ഇത്തരത്തിൽ ധാരാളം അപമാനങ്ങൾ സഹിക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
എൽ.പി.സ്‌കൂൾ അദ്ധ്യാപകരുടെ ഒഴിവുണ്ടായാൽ പരീക്ഷാ തീയതി വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണത്തിന്റെയോ, മുൻ ലിസ്റ്റിലെ നിയമന ശുപാർശയുടെ ശരാശരി എണ്ണത്തിന്റെയോ മൂന്നിരട്ടിവരെ ആളുകളെ മുഖ്യറാങ്ക് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് ചട്ടം. എന്നാൽ മലപ്പുറം ജില്ലയിൽ ഇത് അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.
3500ലേറെ പേർ ഉൾപ്പെടേണ്ടിയിരുന്ന മലപ്പുറം ജില്ലയിൽ 997 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഏറ്റവുമധികം കട്ട് ഓഫ് മാർക്കുണ്ടായിരുന്ന മലപ്പുറം ജില്ലയിൽ നല്ല മാർക്ക് നേടിയിട്ടും ജോലി ലഭിക്കാത്ത ദുരവസ്ഥയാണ് തെരുവിലെ സമരത്തിലേക്ക് എത്തിച്ചതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെ ഉൾപ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ല. മലപ്പുറത്ത് മാത്രമാണ് ഈ അനീതിയെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
















Comments