ന്യൂഡൽഹി: നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) ഡൽഹിക്കും മീററ്റിനും ഇടയിൽ പ്രവർത്തനം നടത്താൻ പോകുന്ന അതിവേഗ ട്രയിൻ പുറത്തിറക്കി. ഇരുനഗരങ്ങളും തമ്മിലുളള 82 കിലോമീറ്റർ ദൂരം ഒരു മണിക്കൂറിനുള്ളിൽ പിന്നിടുന്നതാണ് അതിവേഗ( RRTS )ട്രെയിൻ.
ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ വിഭാഗത്തിൽ ട്രയൽ റൺ ഈ വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 180 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകൾ യാത്രകാർക്ക് ഓരോ 5-10 മിനിറ്റിലും ലഭ്യമാകും. കൂടാതെ 14 സ്റ്റോപ്പുകളോടെ ഡൽഹിക്കും മീററ്റിനും ഇടയിലുള്ള ദൂരം 55 മിനിറ്റിനുള്ളിൽ മറികടക്കും.
82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ പണി അതിവേഗം പുരോഗമിക്കുകയാണ്. ദുഹായ്, മോദിപുരം എന്നിവിടങ്ങളിലെ രണ്ട് ഡിപ്പോകളും ജംഗ്പുരയിൽ ഒരു സ്റ്റേബിളിംഗ് യാർഡും ഉൾപ്പെടെ 25 സ്റ്റേഷനുകളുണ്ടാകും. എലിവേറ്റഡ് വിഭാഗത്തിന്റെ അടിസ്ഥാന ജോലിയുടെ 80 ശതമാനത്തോളം എൻസിആർടിസി പൂർത്തിയാക്കി.
40 കിലോമീറ്റർ നീളത്തിൽ 1400 ലധികം തൂണുകളും 18 കിലോമീറ്റർ വയഡക്റ്റും ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മുൻഗണനാ വിഭാഗത്തിലാണ്. സാഹിബാബാദ് മുതൽ ദുഹായ് വരെയുള്ള 17 കിലോമീറ്റർ മുൻഗണനാ വിഭാഗം 2023ഓടെ കമ്മീഷൻ ചെയ്യാനും 2025ഓടെ പൂർണ്ണ ഇടനാഴി കമ്മീഷൻ ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്.
മൊത്തം 5 സ്റ്റേഷനുകളുള്ള മുൻഗണനാ വിഭാഗത്തിന്റെ സിവിൽ ജോലികൾ പൂർത്തിയായി വരുന്നു. ഓവർഹെഡ് ഇലക്ട്രിക്കൽ എക്യുപ്മെന്റിന്റെ (OHE) ഇൻസ്റ്റാളേഷനോടൊപ്പം ട്രാക്ക് ലേയിംഗ് പ്രവർത്തനങ്ങളും എലവേറ്റഡ് വയഡക്റ്റിൽ നടക്കുന്നു.
മുൻഗണനാ വിഭാഗത്തിലെ 5 സ്റ്റേഷനുകളായ സാഹിബാബാദ്, ഗാസിയാബാദ്, ഗുൽദാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നിവയുടെ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി RRTS ഇടനാഴിയിൽ പ്രതിദിനം 8 ലക്ഷം യാത്രക്കാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർആർടിഎസ് ട്രെയിനുകളിൽ തിരശ്ചീന സീറ്റിംഗ്, വിശാലമായ സ്റ്റാൻഡിംഗ് സ്‌പേസ്, ലഗേജ് റാക്കുകൾ, സിസിടിവി ക്യാമറകൾ, ലാപ്ടോപ്പ്/മൊബൈൽ ചാർജിംഗ് സൗകര്യം, ഡൈനാമിക് റൂട്ട് മാപ്പുകൾ, ഓട്ടോ കൺട്രോൾ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ഹീറ്റിംഗ് വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് സിസ്റ്റ എന്നിവയും ഉണ്ടായിരിക്കും.
എയർകണ്ടീഷൻ ചെയ്ത ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ്, പ്രീമിയം ക്ലാസ് (ട്രെയിനിൽ ഒരു കോച്ച്) എന്നിങ്ങനെ വേർ തിരിച്ചിട്ടുണ്ട്. കൂടാതെ ഒരു കോച്ച് വനിതാ യാത്രക്കാർക്കായി സംവരണം ചെയ്തിരിക്കും. മേക്ക് ഇൻ ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ആർആർടിഎസിനായുള്ള 100 ശതമാനം ട്രെയിൻ സെറ്റുകളും ഇന്ത്യയിൽ നിർമ്മിക്കും.
ഗുജറാത്തിലെ സാവ്ലിയിൽ സ്ഥിതി ചെയ്യുന്ന അൽസ്റ്റോം ഫാക്ടറിയിലാണ് ഇവ നിർമ്മിക്കുന്നത്. ഡിസ്ട്രിബ്യൂട്ടഡ് പവർ ഉള്ള ഈ സെമി ഹൈ-സ്പീഡ് എയറോഡൈനാമിക് ട്രെയിൻ സെറ്റുകളുടെ വിതരണം ഉടൻ ആരംഭിക്കും. ആദ്യത്തെ RRTS ഇടനാഴിക്കായി സാവ്ലിയിലെ നിർമ്മാണ കേന്ദ്രം മൊത്തം 210 കാറുകൾ വിതരണം ചെയ്യും.
















Comments