ന്യൂഡൽഹി : 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും വലി ലക്ഷ്യമായ ആത്മനിർഭർ ഭാരതും ആധുനിക ഇന്ത്യയുമായിരിക്കണം ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നവീകരിക്കുകയും, പുതിയ കാര്യങ്ങൾ നടപ്പിലാക്കുകയും, കൂടുതൽ പരിവർത്തനം ചെയ്യുകയുമാണ് വേണ്ടത്. എല്ലാവരുടേയും പ്രയത്‌നം കൊണ്ടാണ് ഇന്ന് ഇന്ത്യ മുൻനിരയിൽ എത്തി നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മിസോറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ നടന്ന 96- ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
അവസാനത്തെ വ്യക്തിയുടെ ക്ഷേമം കണക്കിലാക്കിയാകണം നമ്മുടെ ഓരോ തീരുമാനങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തപ്പെടേണ്ടത് എന്ന മഹാത്മാ ഗാന്ധിയുടെ ആശയം പ്രധാനമന്ത്രി ഓർത്തെടുത്തു. ഒരു പ്രശ്‌നം കണ്ടെത്തിയാൽ അതിന് പരിഹാരം കണ്ടെത്താനും എളുപ്പമാണ്. അതുകൊണ്ടാണ് പിഎം ഗതിശക്തി എന്ന പദ്ധതി ആരംഭിച്ചത്. ഇതിലൂടെ ഏറ്റവും താഴെത്തട്ടിലുള്ള അവസാനത്തെ വ്യക്തിയിലും കേന്ദ്ര സർക്കാർ പദ്ധതികൾ എത്തുന്നുണ്ട്. സിവിൽ സെർവെന്റ്‌സ്ട്രെയിനികളോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം മൂലം രാജ്യത്തിന് നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. വെല്ലുവിളികൾ നിറഞ്ഞ പദ്ധതികൾ എറ്റെടുത്ത് അത് വൃത്തിയായി പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. അക്കാദമിയിൽ നിന്നും പോകുന്നതിന് മുൻപ് നിങ്ങളുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും എല്ലാം കുറിച്ചുവെക്കണം. തുടർന്ന് 25 -50 വർഷങ്ങൾക്ക് ശേഷം അക്കാദമി അത് വിലയിരുത്തണം എന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വെല്ലുവിളികൾ ഏറ്റെടുത്ത് അത് പൂർത്തീകരിക്കുകയായിരിക്കണം ഉദ്യോഗസ്ഥരുടെ ലക്ഷ്യം എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫയലും ഫീൽഡും തമ്മിൽ വളരെ വ്യത്യാസമുണ്ട്. നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലായിരിക്കില്ല നിങ്ങൾക്ക് ജോലി ചെയ്യേണ്ടി വരിക. കംഫർട്ട് സോണിൽ നിന്നും പുറത്ത് വരുമ്പോൾ 20 വർഷം കൊണ്ട് പഠിച്ച കാര്യങ്ങൾ നിങ്ങൾ രണ്ട് വർഷം കൊണ്ട് പഠിക്കും. അതാണ് വിദ്യാഭ്യാസവും ജോലിയും തമ്മിലുള്ള വ്യത്യാസം എന്നും അദ്ദേഹം വ്യക്തമാക്കി.
















Comments