പാർട്ടിക്കെതിരെ സംസാരിച്ച കപിൽ സിബലിനെ പുറത്താക്കണം; ഹൈക്കമാന്റിനോട് അഭ്യർത്ഥനയുമായി കോൺഗ്രസ് മന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി :  മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യവുമായി മന്ത്രി. മുതിർന്ന നേതാവും ഛത്തീസ്ഗഡിലെ മന്ത്രിയുമായ ടിഎസ് സിംഗ്ദിയോ ആണ് ഹൈക്കമാന്റിനോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. സിബൽ പാർട്ടിക്കെതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു എന്നാണ് ആരോപണം.

കപിൽ സിബൽ നേതൃത്വത്തെ ധിക്കരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് നടത്തിയത് എന്ന് മന്ത്രി പറഞ്ഞു. പാർട്ടി തെറ്റായ തീരുമാനങ്ങൾ തിരുത്തിക്കൊണ്ട് നടപടികൾ എടുക്കുന്നതിനിടെ അദ്ദേഹം വ്യക്തിപരമായ അഭിപ്രായങ്ങൾ പരസ്യമാക്കുന്നു. ഈ സാഹചര്യത്തിൽ സിബലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്നാണ് മന്ത്രിയുടെ ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് നാണംകെട്ട തോൽവി നേരിട്ടതിന് പിന്നാലെ ‘ഗാന്ധി’ കുടുംബത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സിബൽ രംഗത്തെത്തിയിരുന്നു. പാർട്ടിയെ ഒരു കുടുംബത്തിൽ ഒതുക്കി തീർക്കാൻ നോക്കുന്നുവെന്നും നേതൃ സ്ഥാനത്ത് നിന്നും ‘ഗാന്ധി’ കുടുംബം മാറി നിൽക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിർണായക തീരുമാനങ്ങൾ എടുക്കാൻ രാഹുൽ ഗാന്ധിക്ക് എന്ത് അധികാരമാണ് ഉള്ളത് എന്നും സിബൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബലിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പ്രതിഷേധം അറിയിച്ചത്.

Share
Leave a Comment