കൊൽക്കത്ത: ഗ്രീൻ ടീയും, ഫ്‌ളേവർ കോഫിക്കുമെല്ലാം ഇന്ത്യയിൽ ജനപ്രീതി വർദ്ധിച്ചുവരികയാണെങ്കിലും, ഒരു കപ്പ് ‘സ്‌ട്രോങ്’ ചായയോടുള്ള ഭാരതജനതയുടെ ഇഷ്ടത്തിന് യാതൊരുതരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ല. ചായയിൽ എന്തൊക്കെ പരീക്ഷണങ്ങൾ നടത്തിയാലും, നല്ല കടുപ്പമുള്ള സാധാരണ ചായയോളം മറ്റൊന്നും വരില്ലെന്നാണ് ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ, അസമിലെ ഒരു ടീ കമ്പനി അവരുടെ ‘സ്‌ട്രോങ്’ ചായപ്പൊടിക്ക് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയുടെ പേര് നൽകിയിരിക്കുകയാണ്.

അസമിലെ അരോമിക ടി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സെലൻസ്‌കി എന്ന പേരിൽ ചായപ്പൊടി ഇറക്കിയിരിക്കുന്നത്. റഷ്യൻ അധിനിവേശത്തെ സധൈര്യം നേരിടുന്ന സെലൻസ്‌കിക്ക് ആദരമായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് എന്ന് കമ്പനി ഡയറക്ടർ രഞ്ജിത് ബർവ പറഞ്ഞു.
അസം ചായ അതിന്റെ മികച്ച സ്വാദിനും കടുപ്പത്തിനും പേരുകേട്ടതാണ്. പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം അഭിമൂഖീകരിച്ചത് കാണുമ്പോൾ, ഈ ചായപ്പൊടിക്ക് സെലൻസ്‌കിയുടെ പേര് അനുയോജ്യമാണെന്ന് തോന്നി. അദ്ദേഹത്തിന്റെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ടെന്നും രഞ്ജിത് ബർവ കൂട്ടിച്ചേർത്തു. ലോകത്ത് സെലൻസ്‌കിയെക്കാൾ ധൈര്യമുള്ള മറ്റാരുമില്ലെന്ന് തന്നെ പറയാം. അതിനാൽ, ഈ ചായ സെലൻസ്‌കിയെ പോലെ തന്നെ ‘സ്‌ട്രോങ്’ആണ് എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ, പുതുതായി പുറത്തിറക്കിയ ചായ ഗുവാഹത്തി ആസ്ഥാനമായുള്ള കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാകുമെന്നും അടുത്ത 10-15 ദിവസത്തിനുള്ളിൽ വിവിധ ഇ-കൊമേഴ്സ് സൈറ്റുകളിൽ നിന്ന് വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു. 200 ഗ്രാം പായ്‌ക്കറ്റിന് 90 വിലയുള്ള ഈ സെലൻസ്‌കി ചായപ്പൊടി, മികച്ച ഗുണമേന്മയും വാഗ്ദാനം ചെയ്യുന്നു.
















Comments