സൂം കോളിലൂടെ ഒറ്റയടിക്ക് 900 ജീവനക്കാരെ പിരിച്ചുവിട്ട വിശാൽ ഗാർഗിന്റെ ബെറ്റർ.കോം എന്ന കമ്പനി മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായതാണ്. സംഭവത്തിന് പിന്നാലെ ഇതേ കമ്പനി തന്നെ 3,000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു.
എന്നാലിപ്പോൾ മറ്റൊരു ബ്രിട്ടീഷ് കമ്പനിയാണ് ഇതേ പ്രവൃത്തിയുമായി എത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ പി ആൻഡ് ഒ ഫെറീസ് അവരുടെ 800 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിടുകയായിരുന്നു. മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന സൂം കോൾ അവസാനിക്കുമ്പോഴേക്കും 800 ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ടുവെന്നാണ് വിവരം.
മുൻകൂട്ടി അറിയിക്കാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാർ ആരോപിച്ചു. എന്നാൽ ഇ-മെയിൽ, തപാൽ, കൊറിയർ, ടെക്സ്റ്റ് മെസേജ് എന്നിവ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചിരുന്നുവെന്നാണ് കമ്പനി എക്സിക്യൂട്ടീവ് അവകാശപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 200 മില്യൺ പൗണ്ടിന്റെ നഷ്ടത്തിലാണ് കമ്പനി ഓടിയിരുന്നത്. 800ഓളം പേരെ പിരിച്ചുവിടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ബെറ്റർ.കോം എന്ന കമ്പനി സമാന നടപടി സ്വീകരിച്ച് വാർത്തകളിൽ ഇടം നേടിയത്. സിഇഒ വിശാൽ ഗാർഗ് 900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലുമായിരുന്നു.
















Comments