ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഡൽഹിയിലെത്തി. 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം രാജ്യത്തെത്തിയത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജപ്പാൻ പ്രധാനമന്ത്രിയെ നേരിട്ടെത്തി സ്വീകരിച്ചു.
ജപ്പാൻ പ്രധാനമന്ത്രിയായി അധികാരത്തിൽ ഏറിയ ശേഷം ആദ്യമായാണ് കിഷിദ ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകീട്ടാണ് കൂടിക്കാഴ്ച നടക്കുക.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും അവലോകനം ചെയ്യാനും ഉച്ചകോടി അവസരമൊരുക്കും എന്നാണ് വിലയിരുത്തൽ. പ്രാദേശിക, ആഗോള വിഷയങ്ങളും ചർച്ചയാകും. ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള രാജ്യങ്ങളുടെ പങ്കാളിത്തവും ചർച്ച ചെയ്യും.
2018 ൽ ടോക്കിയോയിൽ വെച്ചാണ് അവസാനമായി ഇന്ത്യ-ജപ്പാൻ ഉച്ചകോടി നടന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപെടുലുകൾ വർദ്ധിപ്പിക്കുന്നതിനും ആഗോള പങ്കാളിത്തം ശക്തമാക്കുന്നതിനും ഇടയാക്കിയിരുന്നു.
















Comments