ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിർമ്മിച്ച ചാർതി ലാൽ ഗോയൽ ഹെറിറ്റേജ് പാർക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് നാടിന് സമർപ്പിക്കും. ഓൾഡ് ഡൽഹിയിലെ ജുമാമസ്ജിദിനോട് സമീപമാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വിവിധ തരം കലകൗശല വിദ്യകളാൽ നിർമ്മിച്ച വസ്തുക്കളും, വെള്ള മാർബിൾ കൊണ്ട് നിർമ്മിച്ച പവലിയനുമാണ് പാർക്കിന്റെ കേന്ദ്ര ആകർഷണം.
2017ലാണ് പാർക്കിന്റെ നിർമ്മാണം ആരംഭിച്ചത്. നേരത്തെ വൃത്തിഹീനവും, ശോചന്യാവസ്ഥയിലുമായ പ്രദേശത്താണ് ഈ പാർക്ക് നിർമ്മിച്ചത്. ഡൽഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പാർക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. മുഗൾ ശൈലിയിലുള്ള ശിൽപ്പങ്ങൾ, കൽപ്പാലങ്ങൾ, വിളക്ക് തൂണുകൾ എന്നിവ കൊണ്ടാണ് പാർക്ക് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ, ഒരു ഫുഡ് കോർട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പെറ്റൂണിയ, ഡോഗ് ഫ്‌ളവർ, ജമന്തി, കാർണേഷൻ, പോയിൻസെറ്റിയ, ക്രോട്ടൺ, ഫർകാരിയ എന്നിവയുൾപ്പെടെ പൂക്കളും കുറ്റിച്ചെടികളും പാർക്കിലുണ്ടെന്ന് അധികൃതർ അറിയിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചെങ്കോട്ടയ്‌ക്ക് അഭിമുഖമായാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.
















Comments