ന്യൂഡൽഹി; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3,20,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയിലെത്തുന്ന ജപ്പാൻ കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ ജപ്പാനാണെന്ന് ഫ്യൂമിയോ കിഷിദ ചൂണ്ടിക്കാട്ടി.ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണ പദ്ധതികളുടെ പ്രാധാന്യം പ്രധാനമന്ത്രിമാർ ആവർത്തിച്ചു.
കൂടിക്കാഴ്ചയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്‌ട്ര തലവൻമാരും ചർച്ച നടത്തി. രാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള ആറ് കരാറുകളിലും ഇരുപക്ഷവും ഒപ്പുവച്ചു.
സൈബർ സുരക്ഷാ രംഗത്ത് സഹകരണത്തിനും വിവര കൈമാറ്റത്തിനുമുള്ള ധാരണാപത്രം, പൊതുഗതാഗത സംവിധാനം, കുടിവെള്ള പദ്ധതികൾ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ രംഗത്തേക്കുള്ള 7 ജപ്പാൻ വായ്പ പദ്ധതികളുടെ കരാർ, വീടുകളിലെ മാലിന്യം സംസ്‌ക്കരിക്കാനുള്ള പദ്ധതി,വ്യവസായ രംഗത്തെ സഹകരണത്തിനുള്ള കരാർ,സുസ്ഥിര നഗര വികസന പദ്ധതികൾക്കുള്ള കരാർ എന്നിവയാണ് ആറു കരാറുകൾ.
യുക്രെയ്‌ന്റെ പ്രദേശങ്ങൾ സ്വന്തമാക്കാനുള്ള റഷ്യയുടെ നീക്കം അപലപനീയമാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. യുദ്ധത്തിന് അറുതി വരുത്തണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് ഇന്ത്യയും ജപ്പാനും ആവശ്യപ്പെട്ടു. ഭീകരപ്രവർത്തനം വേരോടെ പിഴുതെറിയുന്നതിന് എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ഭീകരതയുടെ വർദ്ധിച്ചുവരുന്ന ഭീഷണിയിൽ പ്രധാനമന്ത്രിമാർ ഉത്കണ്ഠ രേഖപ്പെടുത്തി.ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഫ്യൂമിയോ കിഷിദയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക ചർച്ചയുടെ 14ാം പതിപ്പാണ് ഇന്നലെ നടന്നത്. കൂടാതെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം കൂടിയാണ് ഈ വർഷം.
















Comments