ന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയ്ക്ക് കൃഷ്ണ പങ്കി സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ ചന്ദനത്തടിയിൽ നിർമ്മിച്ച അമൂല്യ കരകൗശല വസ്തുവാണ് കൃഷ്ണ പങ്കി. സ്നേഹവും അനുകമ്പയും ആർദ്രതയും പ്രതിനിധീകരിക്കുന്നതാണ് കൃഷ്ണ പങ്കിയെന്നാണ് വിശ്വാസം.
നേർത്ത ഇഴകളുള്ളതാണ് കൈകൊണ്ട് കൊത്തുപണിയിൽ തീർത്ത കൃഷ്ണ പങ്കി. ജാലകങ്ങളുടെ മാതൃകയിൽ തീർത്ത ഈ ചെറിയ ഇഴകൾ ഭഗവാൻ കൃഷ്ണന്റെ വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം. ഇവ തുറക്കുവാനും അടയ്ക്കുവാനും സാധിക്കും. പരമ്പരാഗത ഉപകരണങ്ങൾ കൊണ്ട് കൊത്തിയെടുത്താണ് കൃഷ്ണ പങ്കി നിർമ്മിക്കുന്നത്.
കൃഷ്ണ പങ്കിയുടെ മുകൾഭാഗത്തായി ഇന്ത്യയുടെ ദേശീയ പക്ഷി മയിലിന്റെ കൊത്തിയെടുത്ത രൂപവുമുണ്ട്. കൂടാതെ കാറ്റിന്റെ ദിശയ്ക്ക് അനുസരിച്ച് നീങ്ങുന്ന പരമ്പരാഗത രീതിയിൽ നിർമ്മിച്ച ചെറിയ മണിയും കാണാം. രാജസ്ഥാനിലെ ചുരുവിൽ നിന്നുള്ള കരകൗശല നിർമ്മാതാക്കളാണ് കൃഷ്ണ പങ്കി നിർമ്മിക്കുന്നത്. ഇന്ത്യയുടെ തെക്ക് ഭാഗങ്ങളിൽ നിന്നുള്ള ശുദ്ധമായ ചന്ദന മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Comments